'പത്മാവതി' കത്തുന്നു; രാജസ്ഥാനിലെ നഹര്‍ഗാര്‍ഹ് കോട്ടയില്‍ ഒരാള്‍ തൂങ്ങി മരിച്ചു; മരിച്ചത് പത്മാവതിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ എഴുതിവെച്ച ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍

ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം രൂക്ഷമാകുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരേ കൊലവിളികള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ തൂങ്ങി മരിച്ചു. രാജസ്ഥാനിലെ നഹര്‍ഗാര്‍ഹ് കോട്ടയില്‍ പത്മാവതി പരാമര്‍ശങ്ങള്‍ എഴുതിവെച്ച ശേഷം ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പ്രതീകാത്മക പ്രതിഷേധവും കോലം കത്തിക്കലുമില്ല. പത്മാവതിക്കു വേണ്ടി ഞങ്ങള്‍ കൊല്ലുമെന്ന് മൃതദേഹത്തിന് സമീപമുള്ള കല്ലില്‍ എഴുതിവെച്ചിട്ടുണ്ട്. അതേസമയം, ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ഇയാളുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് രജ്പുത്ര കര്‍ണി സേന വ്യക്തമാക്കി. ചേതന്‍ എന്നാണ് മരിച്ചയാളുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍.

രജപുത്ര കര്‍ണി സേനയാണ് പത്മാവതിക്കെതിരേ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ട്. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപികയുടെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് പത്തുകോടി രൂപ ഇനാം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കാനും ശ്രമമുണ്ടായിരുന്നു.

“പത്മാവതി”ക്കെതിരെ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിക്കണമെന്നും ബിജെപി നേതാവ് സൂരജ് പാല്‍ അമു പറഞ്ഞു. പത്മാവതി ചിത്രത്തില്‍ ബന്‍സാലി അവതരിപ്പിക്കുന്നത് രജപുത്ര ചരിത്രത്തിലെ “പത്മിനി” അല്ലെന്നും സൂരജ് പാല്‍ അമു ആരോപിക്കുന്നുണ്ട്.

Read more

ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഘപരിവാര്‍ സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് റിലീസിങ്ങ് നിര്‍മാതാക്കള്‍ മാറ്റിവെക്കുകയായിരുന്നു.