തീവണ്ടിയ്ക്ക് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവിനെ റയില്‍വെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കേന്ദ്ര റയില്‍വേ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ആത്മഹത്യാശ്രമവും സാഹസികമായ രക്ഷാപ്രവര്‍ത്തനവും കണ്ടത്.
ബിഹാറിലെ ധന്‍പൂര്‍ സ്റ്റേഷനില്‍ വച്ച് റയില്‍വേ ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥനാണ് എന്‍ജിന് മുകളില്‍ വലിഞ്ഞുകയറിയ യുവാവിനെ കണ്ടെത്തിയത് . ഇതോടെ യാത്രക്കാരും റയില്‍വേ പൊലീസും മറ്റ് ജീവനക്കാരും നിര്‍ത്തിയിട്ട തീവണ്ടിയുടെ അടുത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ജീവനക്കാരന്‍ തന്നെ കയ്യില്‍ കിട്ടിയ തുണികൊണ്ട് ചുറ്റി ബോഗിയുടെ മുകളിലേക്ക് കയറി യുവാവിനെ താഴെയിറക്കി.
താഴെ ഇറക്കിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു യുവാവ്. പിന്നീട് ഇയാളെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. ഇന്ത്യന്‍ റയില്‍വേ ജീവനക്കാരുടെ മനുഷ്യത്വത്തിന്റെയും ജാഗ്രതയുടെയും മാതൃക എന്ന തലവാചകത്തോടെയാണ് റയില്‍വേ മന്ത്രാലയം രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.