ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും നിര്‍ബന്ധപൂര്‍വം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നിതന് എതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ നിര്‍ബന്ധ പൂര്‍വം പണം ഈടാക്കുന്നതിനെ ടിപ് എന്ന് പറയാന്‍ കഴിയില്ല. സേവനത്തിന് പണം നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളുമായി കേന്ദ്രം ജൂണ്‍ രണ്ടിന് ചര്‍ച്ച നടത്തും. 2017 ല്‍ സര്‍വീസ് ചാര്‍ജിനെതിരെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. മെനു കാര്‍ഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവില്‍ നിന്ന് മറ്റൊരു ചാര്‍ജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. നിയമപരമായി നല്‍കേണ്ട ചാര്‍ജ് ആണിതെന്ന് പറഞ്ഞ് റസ്റ്റോറന്റുകള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് പറയുന്നു.
ബില്ലിലെ സര്‍വീസ് ചാര്‍ജ് എന്ന ഭാഗം ഉപഭോക്താക്കളാണ് പൂരിപ്പിക്കേണ്ടത്. നിര്‍ബന്ധപൂര്‍വം ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.