മണിശങ്കര്‍ അയ്യര്‍ അല്ല, പാകിസ്താനുമായി രഹസ്യചര്‍ച്ച നടത്തിയത് ബിജെപി നേതാവ് അദ്വാനി, കൂടിക്കാഴ്ച്ച നടത്തിയത് 20 തവണ

കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പാകിസ്താനുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന വിവാദ പ്രസ്താവന നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു മോഡി പറഞ്ഞത്. എന്നാല്‍, ശരിക്കും പാകിസ്താനുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയത് ബിജെപി നേതാവായ എല്‍.കെ. അദ്വാനിയായിരുന്നു.

ഒന്നാം എന്‍ഡിഎ ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ. അദ്വാനി പാകിസ്താന്‍ പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന് വെളിപ്പെടുത്തല്‍ നടത്തിയത് മൈ കണ്‍ട്രി മൈ ലൈഫ് എന്ന എല്‍.കെ. അദ്വാനിയെക്കുറിച്ചുള്ള പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

2000ത്തില്‍ പാകിസ്താന്‍ ഹൈകമ്മീഷ്ണറായിരുന്ന അഷ്‌റഫ് ജഹാംഗിര്‍ ഖാസിയുമായി 20ലേറെ തവണ അദ്വാനി രഹസ്യകൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ധാപ്പര്‍ ഈ മീറ്റിംഗുകള്‍ സജ്ജമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഒരാളാണ്.

2008ല്‍ കരണ്‍ ധാപ്പര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് യോഗം നടത്തുന്നതിന് സഹായം നല്‍കിയതിനെക്കുറിച്ച് പറയുന്നുണ്ട്. ആദ്യത്തെ ഇവരുടെ മീറ്റിംഗ് 90 മിനിറ്റോളം നീണ്ടുനിന്നു. അദ്വാനിയുമായി ഏറ്റവും അടുത്ത ആളുകളില്‍നിന്ന് പോലും ഈ യോഗങ്ങളുടെ വിശദാംശങ്ങള്‍ മറച്ചുവെച്ചു.

സത്യാവസ്ഥ ഇതാണെന്നിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കൂടെകൂട്ടാന്‍ പാകിസ്താനെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത്. മണി ശങ്കര്‍ അയ്യര്‍ പാകിസ്താനുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന മോഡിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിന് പിന്നാലെ പാകിസ്താന്‍ തന്നെ മോഡിക്കെതിരെ രംഗത്ത് വന്നിരുന്നു. പാകിസ്താനെ ആവശ്യമില്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു പാകിസ്താന്‍ ഹൈക്കമ്മീഷ്ണറുടെ ട്വീറ്റ്‌.

വിവരങ്ങള്‍ക്ക് കടപ്പാട് ദ് വയര്‍