'പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്‍റെയും ശബ്ദം'; നിങ്ങൾ അഭിപ്രായം പറയണം; പൊതുജനങ്ങളോട് രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ പൊതുജനാഭിപ്രായം തേടി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് രാഹുലിന്റെ നടപടി. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ഒരോ ഇന്ത്യക്കാരന്‍റെയും ശബ്ദമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിക്ക് പിന്നാലെ ബിജെപി നേതാക്കള്‍ ഓരോരുത്തരായി കോണ്‍ഗ്രസ് പ്രകടനപത്രികക്കെതിരെ വിമര്‍ശനം ശക്തമാക്കുമ്പോള്‍ പൊതുജനാഭിപ്രായം തേടി നിര്‍ദ്ദേശങ്ങള്‍ സജീവ ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. കോണ്‍ഗ്രസ് വാഗ്ദാനങ്ങളോടുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളുിലൂടെയോ ഇമെയില്‍ വഴിയോ കോണ്‍ഗ്രസിനെ അറിയിക്കണമെന്നാണ് രാഹുല്‍ പറഞ്ഞുആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ വലിയൊരു വിഭാഗം പത്രികയെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം വിഭജനത്തിനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രിക പ്രീണനമാണ്. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിൽ വരാൻ അവർ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാള്‍ പ്രകടന പത്രിക ചേരുക പാക് തെരഞ്ഞെടുപ്പിനായിരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ചാട്ടക്കാരന് മതേതരത്വമെന്തെന്നറിയില്ലെന്നാണ് ശര്‍മ്മക്ക് കോൺ​ഗ്രസ് നൽകിയ മറുപടി.

ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി ന്യൂനപക്ഷ ക്ഷേമത്തിനായി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പദ്ധതികളെ വിമര്‍ശിക്കുന്നത് വഴി അവർ തങ്ങളുടെ തനിനിറം പുറത്ത് കാട്ടുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായമാകുന്ന സംസ്ഥാനങ്ങളില്‍ പത്രിക പ്രകാശനം നടത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.