വീണ്ടും സംഘർഷഭൂമിയായ മണിപ്പൂരിൽ അടിയന്തിര നീക്കവുമായി സർക്കാർ. മുഖ്യമന്ത്രി ബിരേൻ സിംഗ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുമായി കൂടിക്കാഴ്ച നടത്തി. ഇംഫാലിലെ രാജ്ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രസർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
സംസ്ഥാനത്തെ ഭരണകക്ഷി എംഎൽഎമാരും മന്ത്രിമാരുമായി യോഗം നടത്തിയതിന് പിന്നാലെയാണ് ബിരേൻ സിങ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ആറ് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 24 നിയമസഭാംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. തീവ്രവാദികളെ നിയന്ത്രണത്തിലാക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ തീരുമാനമെടുത്തതായി ലാംലായിൽ നിന്നുള്ള ബിജെപി എംഎൽഎഖ് ഇബോംച പറഞ്ഞു.
ശനിയാഴ്ച മണിപ്പൂരിലെ ജിരിബാം ജില്ലയിൽ വയോധികനായ മെയ്തേയ് കൊല്ലപ്പെട്ടതിനെത്തുടർന്ന് രണ്ട് സായുധ സംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്. പോലീസ് പറയുന്നതനുസരിച്ച്, ആയുധധാരികളായ കുക്കി വിഭാഗത്തിൽ പെട്ടവർ പുലർച്ചെ 4 മണിയോടെ നുങ്‌ചെപി ഗ്രാമത്തിൽ ആക്രമണം നടത്തുകയും 63 കാരനായ യുറെംബം കുലേന്ദ്ര സിങ് എന്ന മെയ്തേയിയെ ഉറക്കത്തിൽ കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള റസിദ്പൂർ ഗ്രാമത്തിലും ആക്രമണം നടത്തി.
ഇതോടെ കലാപത്തിൽ സംസ്ഥാനത്ത് ഈ മാസം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. താഴ്‍വരയിലെ ഗ്രാമങ്ങളിൽ അത്യാധുനിക റോക്കറ്റുകളും ഡ്രോണുകളിൽ നിന്ന് വീഴുന്ന ബോംബുകളും കൊണ്ട് ആക്രമണങ്ങൾ നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ തുടങ്ങിയ കലാപത്തില്‍ ഇതുവരെ 240 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇടക്കാലത്ത് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവുണ്ടായെങ്കില്‍ അടുത്തിടയ്ക്ക് കുക്കി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുകയായിരുന്നു.