അടങ്ങാതെ മണിപ്പൂരിലെ കലാപം; ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കില്ല; കടുത്ത നടപടികളുമായി സര്‍ക്കാര്‍

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെ ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് നീട്ടി സര്‍ക്കാര്‍. മൂന്നു ദിവസത്തേക്ക് കൂടിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപുര്‍, തൗബല്‍, കാക്ചിംഗ്, കാംഗ്‌പോക്പി, ചുരാചന്ദ്പൂര്‍ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചത്.

ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഉള്ളടക്കം സാമൂഹിക വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കലാപം വര്‍ധിച്ച സാഹചര്യത്തില്‍ ഭരണകൂടം നവംബര്‍ 16-ന് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

ക്രമസമാധാന നിലയില്‍ പുരോഗതി ഉണ്ടായ ഇംഫാല്‍ താഴ്വരയിലെ നാല് ജില്ലകളില്‍ കര്‍ഫ്യൂ അഞ്ച് മണിക്കൂര്‍ ഇളവ് ചെയ്തു. നവംബര്‍ 15, 16 തീയതികളില്‍ ജിരിബാം ജില്ലയില്‍ കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് നവംബര്‍ 16ന് ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ഉള്‍പ്പെടെയുള്ള താഴ്വര ജില്ലകളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് നവംബര്‍ 16ന് ചീഫ് സെക്രട്ടറി വിനീത് ജോഷിയാണ് ഈ ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.