കലാപത്തിന്റെ ഭാഗവുമായി പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ കുക്കി സംഘടനയെ നിരോധിച്ച് മണിപ്പൂർ സർക്കാർ. കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ (WKZIC) യുഎപിഎ നിയമം പ്രകാരമാണ് നിരോധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സംഘടനയെ നിരോധിക്കാൻ തീരുമാനിച്ചത്. 1967 ലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ സെക്ഷൻ പ്രകാരമാണ് സംഘടനയെ നിരോധിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ബീരേൻ സിങ് വ്യക്തമാക്കി. ഇന്നലെ രാവിലെ നടന്ന ആക്രമണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്. ഹെലിപ്പാഡിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്.
അതിനിടെ സുരക്ഷാ ഡ്യൂട്ടിക്കായി തെഗ് നൊപ്പാൽ ജില്ലയിലെ മൊറെയിലേക്ക് അയച്ച പൊലീസ് കമാൻഡോകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതോടെ, മൊറെയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.