മണിപ്പൂർ വീണ്ടും കലാപം. തെങ്‌നൗപാൽ ജില്ലയിലെ അതിർത്തി പട്ടണമായ മോറെയിൽ അക്രമികളും സുരക്ഷാസേനയും തമ്മിൽ വെടിവെയ്പ്പുണ്ടായി. ഏറ്റുമുട്ടലിൽ ഒരു കമാൻഡോ വീരമൃത്യു വരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് ഇന്ന് പുലർച്ചയോടെ അക്രമികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്.
സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും ആണ് റിപ്പോർട്ടുകൾ. മോറെയിലെ സംസ്ഥാന പോലീസ് കമാൻഡോയുമായി ബന്ധപ്പെട്ട ഐആർബി (ഇന്ത്യൻ റിസർവ് ബറ്റാലിയൻ) അംഗമായ വാങ്‌ഖേം സോമോർജിത് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ മാലോം സ്വദേശിയാണ് സോമോർജിത്. മറ്റൊരു കമാൻഡോക്ക് പരിക്കേറ്റിട്ടുണ്ട്.
മോറെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനെ പിന്നാലെയാണ് സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണം. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതൽ തന്നെ മേഖലയിൽ കർഫ്യൂം ഏർപ്പെടുത്തിയിരുന്നു.
Read more
ആക്രമണത്തിൽ പിന്നിൽ കുക്കി വിഭാഗം ആണെന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.