‘എന്നോട് ഒരു മൃഗത്തെപ്പോലെയാണ് പെരുമാറിയത്, അതിന് ശേഷം ജീവിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു, പതിയെ അതിൽ നിന്ന് കര കയറി വന്നപ്പോൾ ആ വീഡിയോയും വൈറലായി, അതോടെ ജീവിക്കാനുള്ള എല്ലാ പ്രതീക്ഷയും നഷ്ടമായി’- മണിപ്പൂരില്‍ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സ്ത്രീകളിലൊരാൾ ബിബിസിക്ക് നൽകിയ അഭിമുഖത്തിന്റെ തുടക്കം ഇങ്ങനെയാണ്.
രാജ്യത്തെ ഒന്നടങ്കം നടുക്കുകയും ലോകസമൂഹത്തിനു മുന്നില്‍ നാണംകെടുത്തുകയും ചെയ്ത സംഭവം നടന്നിട്ട് ആറു മാസങ്ങൾ പിന്നിടുന്നു. മണിപ്പൂരില്‍ വംശീയ കലാപത്തിനിടെയാണ് മെയ്തി ആള്‍ക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്തത്. മെയ്യിൽ നടന്ന സംഭവം പക്ഷേ പുറം ലോകം അറിയുന്നത് ജൂലൈയിൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്.
ഇപ്പോൾ ആറു മാസത്തിനു ശേഷം ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും തങ്ങൾക്കുണ്ടായ അനുഭവങ്ങളും അതുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ്. നിലവിൽ തങ്ങളുടെ നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ വീടിനുള്ളിൽ ഒളിവിൽ കഴിയുകയാണ് ഇവർ രണ്ട് പേരും.
സംഭവം നടക്കുന്നതിന് മുൻപ് അവരിൽ ഒരാൾ വിദ്യാർത്ഥിയായിരുന്നു, മറ്റെയാൾ രണ്ട് കൊച്ചുകുട്ടികളെ പരിചരിച്ച് ഭർത്താവുമൊത്ത് വീട്ടിൽ സന്തോഷവതിയായി കഴിയുകയായിരുന്നു. ‘ഇനി ഒരിക്കലും ഒന്നും പഴയതുപോലെ ആവില്ല’ എന്നാണ് അവർ പറയുന്നത്. ‘ആരെയും അഭിമുഖീകരിക്കാന്‍ വയ്യ, ഞങ്ങള്‍ക്ക് ആത്മാഭിമാനമുള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടു. വീടും നാടും ഉപേക്ഷിക്കേണ്ടി വന്നു’- നിറകണ്ണുകളോടെ അവർ പറയുന്നു.
കരയുന്നതിനിടയിലും ഉറച്ച ശബ്ദത്തോടെ അവർ പറയുന്ന മറ്റൊരു കാര്യമുണ്ട്, ‘ഇതിന്റെ പേരില്‍ ഞങ്ങൾ മരിക്കില്ല. ഇനിയൊരു സ്ത്രീക്കും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ ജീവിക്കും, അതിനായി ശബ്ദമുയര്‍ത്തും..’ ഇരുളടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുമ്പോഴും തോറ്റ് പിന്മാറാൻ തയാറല്ല എന്നാണ് അവരുടെ വാക്കുകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
‘സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് ജീവിതം തിരിച്ചു പിടിക്കുന്നതിനിടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇത് മനസിന്റെ ആഘാതം കൂട്ടി, ഇനിയും ജീവിക്കാൻ കഴിയില്ലെന്ന് കരുതി. പക്ഷേ വീഡിയോ കാരണം ഞങ്ങൾക്ക് സംഭവിച്ചത് പുറം ലോകം അറിഞ്ഞു, വീഡിയോ ഞങ്ങൾക്ക് സംഭവിച്ച അനീതിയുടെ തെളിവായി മാറി, അതിന് ശേഷം ലഭിച്ച പിന്തുണയുടെ സന്ദേശങ്ങളിൽ നിന്നാണ് ഞങ്ങൾ ശക്തി പ്രാപിച്ചത്, വീഡിയോ ഇല്ലായിരുന്നെങ്കിൽ ആരും സത്യം വിശ്വസിക്കിലായിരുന്നു, ഞങ്ങളുടെ വേദന മനസ്സിലാക്കുമായിരുന്നില്ല,’ അവരുടെ ഭർത്താവ് പറയുന്നു.
ചുറ്റിലുമുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങളും പരിഹാസങ്ങളും അട്ടഹാസവുമൊക്കെ ഇപ്പോഴും അവരുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. ‘ഇപ്പോഴും ആൾക്കൂട്ടത്തെ നേരിടാൻ ഭയമാണ്. ഇനിയൊരിക്കലും ജനിച്ചുവളർന്ന ഗ്രാമത്തിലേക്ക് തിരിച്ചുപോകില്ല. അവിടെ പോയാൽ മെയ്തി വിഭാഗത്തിലെ അയൽക്കാരെ കാണേണ്ടി വരും. അവരുമായി ബന്ധപ്പെടാൻ ഇനിയൊരിക്കലും സാധിക്കില്ല’- അവർ പറയുന്നു.
‘എന്റെ കൺമുൻപിൽ വെച്ചാണ് എന്റെ അച്ഛനും സഹോദരനും കൊല്ലപ്പെട്ടത്, ഒന്നും ചെയ്യാൻ എനിക്ക് സാധിച്ചില്ല. അവരുടെ മൃതദേഹങ്ങൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല, മൃതദേഹങ്ങൾ അന്വേഷിച്ച പുറത്തിറങ്ങി പോവാൻ എനിക്ക് സാധിക്കില്ല’- വിദ്യാർത്ഥി അവളുടെ ദയനീയാവസ്ഥ പറഞ്ഞു. അവരുടെ മൃതദേഹങ്ങൾ സർക്കാർ ഞങ്ങൾക്ക് കൈമാറണമെന്നും അവൾ അഭ്യർത്ഥിച്ചു.
സംസ്ഥാന സർക്കാരിൽ വിശ്വാസമില്ല, അത് ഞങ്ങളുടെ സമുദായത്തോട് പക്ഷപാതം കാണിക്കുന്നുവെന്നും അവർ ആരോപിച്ചു. ഈ ഇരുളടഞ്ഞ ജീവിതത്തിൽ നിന്ന് ഒരു മോചനം വേണമെന്നും ആഗ്രഹിക്കുന്നുണ്ട്. ‘ഇന്ത്യൻ സമൂഹം എങ്ങനെയാണെന്നും ഇത്തരമൊരു സംഭവത്തിന് ശേഷം അവർ സ്ത്രീകളെ എങ്ങനെ കാണുമെന്നും ഞങ്ങൾക്കറിയാം, പക്ഷേ എനിക്ക് എന്റെ കുഞ്ഞുങ്ങളെ എങ്കിലും നന്നയി വളർത്താനാകണം’- അവർ പറഞ്ഞു.
പഠനം പുനരാരംഭിക്കണമെന്ന് വിദ്യർത്ഥിയായ പെൺകുട്ടി പറഞ്ഞു. ‘മറ്റൊരു കോളേജിൽ പഠനം പുനരാരംഭിക്കണം, അതിലൂടെ ഒരു പട്ടാളക്കാരിയോ പൊലീസ് ഓഫീസറോ ആകണം. എല്ലാവർക്കും വേണ്ടി നിഷ്പക്ഷമായി പ്രവർത്തിക്കാനുള്ള എന്റെ ദൃഢനിശ്ചയം ഇപ്പോൾ ശക്തിപ്പെട്ടു, എനിക്ക് നീതി വേണം, എന്തുവിലകൊടുത്തും… അതുകൊണ്ടാണ് ഞാൻ സംസാരിക്കുന്നത്, എനിക്ക് ഉണ്ടായ പോലെ ഒരു സ്ത്രീയും ഇനിയും ഉപദ്രവിക്കപ്പെടരുത് ‘- അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. മണിപ്പൂർ സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തേയ് സമുദായത്തിൽ നിന്നുള്ള ഒരു കൂട്ടം പുരുഷൻമാർ രണ്ട് നഗ്നരായ സ്ത്രീകളുടെ ചുറ്റും നടന്ന് അവരെ തള്ളിയിടുകയും തപ്പുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ടായിരുന്നു. തുടർന്ന് അവരെ കൂട്ടബലാത്സംഗത്തിനിരയാക്കി വലിച്ചറിയുകയായിരുന്നു.
മെയ് മാസത്തിൽ ആക്രമണം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയെങ്കിലും ജൂലൈയിൽ വീഡിയോ പ്രചരിക്കുന്നതുവരെ ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെയും മറ്റ് നാല് പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പോലീസ് വൃത്തങ്ങൾ ബിബിസിയോട് പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയുണ്ടായ വ്യാപക പ്രതിഷേധമാണ് മണിപ്പൂർ കലാപത്തെ കുറിച്ച് ആദ്യമായി സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചത്. അതിന് പിന്നാലെയാണ് സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കുറ്റം ചുമത്തി ഏഴ് പേരെ അറസ്റ്റ് ചെയ്തത്.
Read more
കഴിഞ്ഞ മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപം ഇപ്പോഴും തുടരുകയാണ്. കലാപത്തിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ 43 ശതമാനം വരുന്ന മെയ്തി വിഭാഗത്തിന് ആദിവാസി പദവി ആവശ്യപ്പെട്ടതായിരുന്നു കലാപത്തിന്റെ അടിസ്ഥാന കാരണം. മെയ്തെയ് വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന കോടതി ഉത്തരവിനെതിരെ കുക്കി വിഭാഗം നടത്തിയ പ്രതിഷേധം അക്രമാസക്തമായതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.