മുംബൈ ആക്രമണത്തിന് പകരം ചോദിക്കാന്‍ മന്‍മോഹന്‍ സിംഗിന് ധൈര്യമില്ലായിരുന്നു; പുതിയ ആരോപണവുമായി മോഡി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്ത്. സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനില്‍ മിന്നലാക്രമണം നടത്താന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് ധൈര്യം കാണിച്ചില്ലെന്ന് മോഡി ആരോപിച്ചു. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെ നവ് ലാഖിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

26/11 ആക്രമണം നടന്നയുടന്‍ വ്യോമ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആശയവുമായി മന്‍മോഹന്‍ സിങിനെ സമീപിച്ചിരുന്നുവെന്നാണ് ഇതു വരെ ഇക്കാര്യത്തില്‍ ഒന്നും പറയാതിരുന്ന മോഡി വ്യക്തമാക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അന്നത്തെ സര്‍ക്കാര്‍ അതിനുള്ള അനുവാദം നല്‍കാന്‍ ധൈര്യം കാണിച്ചില്ല. ആരുടെ ഉപദേശം സ്വീകരിച്ചാണ് അവരങ്ങനെ ചെയ്തതെന്ന് മോഡി ചോദിച്ചു.കഴിഞ്ഞ വര്‍ഷം ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രണത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ തന്റെ സര്‍ക്കാറിനെ പുകഴ്ത്തി സംസാരിക്കവെയാണ് മോഡിയുടെ മുന്‍ സര്‍ക്കാര്‍ വിരുദ്ധപരാമര്‍ശം. ഉറി ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ അതിര്‍ത്തിയില്‍ തന്റെ സര്‍ക്കാര്‍ സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയെന്നും ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയതെന്നും മോഡി അവകാശപ്പെട്ടു. തീവ്രവാദ ക്യാമ്പുകളും ലോഞ്ച് പാഡുകളും ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം.പാകിസ്താന് കനത്ത പ്രഹരം ഏല്‍പിക്കാന്‍ സൈന്യത്തിനായി. ഇതാണ് എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പ്രധാനമന്ത്രി ദേശ സുരക്ഷയെ സംബന്ധിച്ച ഇത്തരം രഹസ്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയുന്നതാണോ എന്നും ചോദിച്ചു.തെരഞ്ഞെടുപ്പിന്റെ ഭാവിയെ സ്വാധീനിക്കാനുള്ള ശ്രമം പാകിസ്ഥാന്‍ നടത്തിയിരുന്നെന്ന് മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്നെ തരം താഴ്ന്നവനെന്ന് മണിശങ്കര്‍ അയ്യര്‍ വിളിച്ചതിന്റെ തലേദിവസം അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താന്‍ ഹൈകമ്മീഷണര്‍, മുന്‍ വിദേശകാര്യമന്ത്രി എന്നിവരുമായി സ്വകാര്യ യോഗം ചേര്‍ന്നെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോഡി ആരോപിച്ചിരുന്നു.