സാമ്പത്തിക വികസനത്തില്‍ കേരളത്തിനേക്കാള്‍ പിന്നിലാണ് ഗുജറാത്തെന്ന് മന്‍മോഹന്‍ സിങ്

സാമൂഹ്യ വികസനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളുടെയും പിന്നിലാണ് ഗുജറാത്തെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ഗുജറാത്ത് മോഡല്‍ വികസനം സമൂഹത്തിലെ ഒരു ശതമാനം ജനങ്ങള്‍ക്കു മാത്രമാണ് ഉപകാരപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. രാജ്കോട്ടില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത്തിരണ്ടു വര്‍ഷത്തെ ഭരണത്തിലൂടെ ബി.ജെ.പി പ്രചരിപ്പിച്ച നുണകള്‍ ഗുജറാത്തിലെ ജനങ്ങള്‍ കണ്ടതാണ്. ഇത്രയും വര്‍ഷത്തെ ഭരണത്തിന്റെ ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്. സമൂഹത്തിലെ സാമ്പത്തിക അടിത്തറയുള്ള ഒരു ശതമാനം ജനങ്ങള്‍ക്കു മാത്രമാണ് അതു പ്രയോജനപ്പെട്ടത്. മാനവ വികസനത്തിന്റെ പല മേഖലകളിലും ഗുജറാത്ത് പിന്നിലാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പിന്നിലാണ് ഗുജറാത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതി നിവാരണത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നു ചെയ്യുന്നില്ല. അച്ഛാ ദിന്‍ എന്നത് പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നെന്നെന്നും ഗുജറാത്തിലെ ജനങ്ങള്‍ തന്നെ തെരുവിലിറങ്ങി ഇപ്പോള്‍ അതിനെ ചോദ്യം ചെയ്യുകയാണെന്നും മന്‍മേഹന്‍ സിങ് പറഞ്ഞു. സമ്പന്നരായ ചില ബിസിനസുകാരൊഴികെ എല്ലാവരും അവര്‍ക്ക് നേരിട്ട അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. നോട്ട് നിരോധനം, ജിഎസ്ടി എന്നിവയിലൂടെ ഗുജറാത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നരേന്ദ്രമോദി തകര്‍ത്തത്. നോട്ടു നിരോധനം പോലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതുമായി ബന്ധപ്പെട്ട എല്ലാരേഖകളും ജനങ്ങള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിക്കണമെന്ന് മന്‍മോഹന്‍ ആവശ്യപ്പെട്ടു.