"തെറ്റുകൾ തിരുത്താതെ ഇപ്പോഴും നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണ്": പ്രധാനമന്ത്രി മോദിക്ക് എതിരെ രൂക്ഷവിമർശനവുമായി മൻമോഹൻ സിംഗ്

ഞായറാഴ്ച നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നരേന്ദ്ര മോദി എല്ലാ പ്രശ്‌നങ്ങൾക്കും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണെന്ന് ആരോപിച്ച മൻമോഹൻ സിംഗ്, പ്രധാനമന്ത്രി പദവിക്ക് പ്രത്യേക ഔന്നിത്യമുണ്ടെന്നും അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ഒരിക്കലും രാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തെ വിഭജിക്കുകയോ സത്യം മറച്ചുവെക്കുകയോ ചെയ്തിട്ടില്ലെന്ന് 89 കാരനായ മൻമോഹൻ സിംഗ് പറഞ്ഞു.

“ഒരു വശത്ത്, പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും പ്രശ്‌നങ്ങൾ ജനങ്ങൾ അഭിമുഖീകരിക്കുന്നു, മറുവശത്ത്, കഴിഞ്ഞ ഏഴര വർഷമായി അധികാരത്തിലിരിക്കുന്ന നിലവിലെ സർക്കാർ, അവരുടെ തെറ്റുകൾ ഏറ്റുപറയുകയും അത് തിരുത്തുകയും ചെയ്യുന്നതിനുപകരം, ഇപ്പോഴും ഒന്നാം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കുറ്റപ്പെടുത്തുകയാണ്,” കോൺഗ്രസ് അവതരിപ്പിച്ച വീഡിയോ സന്ദേശത്തിൽ ഡോ. മൻമോഹൻ സിംഗ് പറഞ്ഞു.

“പ്രധാനമന്ത്രിയുടെ സ്ഥാനത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഞാൻ കരുതുന്നു. ചരിത്രത്തെ പഴിചാരി തെറ്റുകൾ മറച്ചുവയ്ക്കുന്നതിന് പകരം പ്രധാനമന്ത്രി മാന്യത കാത്തുസൂക്ഷിക്കണം. 10 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ ഞാൻ എന്റെ പ്രവർത്തനത്തിലൂടെ സംസാരിച്ചു. ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്താൻ ഞാൻ ഒരിക്കലും അനുവദിച്ചിട്ടില്ല. ഞാൻ ഒരിക്കലും ഇന്ത്യയുടെ അഭിമാനത്തെ തുരങ്കം വച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.

“ഞാൻ ദുർബലനും നിശ്ശബ്ദനും അഴിമതിക്കാരനുമാണെന്ന തെറ്റായ ആരോപണങ്ങൾക്ക് ശേഷം, ബിജെപിയും അതിന്റെ ബി, സി ടീമും രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെടുന്നതിൽ എനിക്ക് സംതൃപ്തി ഉണ്ട്,” ഡോ. മൻമോഹൻ സിംഗ് പറഞ്ഞു.

“ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് സാമ്പത്തിക നയത്തെക്കുറിച്ച് ധാരണയില്ല. വിഷയം രാഷ്ട്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല. വിദേശനയത്തിലും ഈ സർക്കാർ പരാജയപ്പെട്ടു. ചൈന നമ്മുടെ അതിർത്തിയിൽ കടന്നുകയറ്റം നടത്തുകയാണ്, എന്നാൽ ഈ കൈയേറ്റം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് സർക്കാർ,” ഡോ മൻമോഹൻ സിംഗ് പറഞ്ഞു.

നേതാക്കളെ ബലം പ്രയോഗിച്ച് കെട്ടിപ്പിടിച്ചോ ഊഞ്ഞാലാട്ടിയോ ബിരിയാണി കൊടുത്ത് കൊണ്ടോ വിദേശനയം നടപ്പാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മനസ്സിലാക്കിയിട്ടുണ്ടെന്ന് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കോൺഗ്രസ് ഒരിക്കലും നിക്ഷിപ്ത രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തെ വിഭജിച്ചിട്ടില്ല. ഞങ്ങൾ ഒരിക്കലും സത്യം മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല. രാജ്യത്തിന്റെ ബഹുമാനത്തെയോ പ്രധാനമന്ത്രിയുടെ സ്ഥാനത്തെയോ ഞങ്ങൾ ഒരിക്കലും തുരങ്കം വച്ചിട്ടില്ല. ആളുകൾ ഇന്ന് വിഭജിക്കപ്പെടുന്നു. ഈ സർക്കാരിന്റെ കപട ദേശീയത പൊള്ളയും അപകടകരവുമാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിലാണ് ബി.ജെ.പിയുടെ ദേശീയത അടിസ്ഥാനമാക്കിയുള്ളത്. ബി.ജെ.പി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങൾ ദുർബലപ്പെടുത്തുകയാണ്,” അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ സാമ്പത്തിക നയത്തിൽ സ്വാർത്ഥതയും അത്യാഗ്രഹവും ഉണ്ടെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞു. “അവരുടെ സ്വാർത്ഥതാൽപ്പര്യത്തിനായി അവർ ആളുകളെ ഭിന്നിപ്പിച്ച് തമ്മിൽതല്ലിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെയും സംസ്ഥാനത്തെ ജനങ്ങളെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിരുന്നു. കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിനേയും പഞ്ചാബിയത്തിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിരുന്നു. പഞ്ചാബികളുടെ ധീരതയെയും ദേശസ്നേഹത്തെയും ത്യാഗത്തെയും ലോകം അഭിവാദ്യം ചെയ്യുന്നു, എന്നാൽ എൻഡിഎ സർക്കാർ ഇതൊന്നും മിണ്ടിയില്ല. പഞ്ചാബിൽ നിന്നുള്ള ഒരു യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ, ഇതെല്ലാം എന്നെ വല്ലാതെ വേദനിപ്പിച്ചു,” ഡോ മൻമോഹൻ സിംഗ് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ