മന്‍മോഹന്‍ സിങിന്റെ ദേശസ്‌നേഹത്തെ മോഡി ചോദ്യം ചെയ്തിട്ടില്ല; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

മുന്‍ പ്രധാനമന്ത്രി മോഹന്‍ സിങിന്റെ ദേശ സ്‌നേഹത്തെ നരേന്ദ്ര മോഡി ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി വിശദീകരണം നല്‍കിയത്. അധിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ഉദ്ദേശിച്ചിരുന്നില്ലെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

മന്‍മോഹനെ പ്രധാനമന്ത്രി അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. മുന്‍ ഉപപ്രധാനമന്ത്രി ഹമീദ് അന്‍സാരിയെയും അദ്ദേഹം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. വിശദീകരണം തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഗുജറാത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യ മന്ത്രി എന്നിവര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം.