രാജ്യത്തെ ബാംങ്കിംഗ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണെന്ന ധനമന്ത്രി നിർമ്മല സീതാരാമന്റെ കുറ്റപ്പെടുത്തലിനോട് പ്രതികരിച്ച് മൻമോഹൻ സിംഗ്. പരിഹാരങ്ങൾ കണ്ടെത്തുന്നതിനുപകരം പ്രതിപക്ഷത്തിന് മേൽ കുറ്റം ചുമത്താൻ ശ്രമിക്കുന്നതിലാണ് സർക്കാരിന്റെ താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു.
“ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവനകൾ ഞാൻ കണ്ടു. ആ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ സമ്പദ്‌വ്യവസ്ഥയിലെ പ്രശനങ്ങൾ പരിഹരിക്കുന്നതിന് മുമ്പ് അതിന്റെ രോഗലക്ഷണങ്ങളും അവയുടെ കാരണങ്ങളും ശരിയായ രീതിയിൽ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. എതിരാളിയുടെ മേൽ കുറ്റം ചുമത്തുന്നതിലാണ് സർക്കാരിന്റെ താൽപ്പര്യം, അതിനാൽ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തെ ഉറപ്പാക്കുന്ന ഒരു പരിഹാരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ല, ” തിങ്കളാഴ്ച നടക്കാനിരിക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ മൻമോഹൻ സിംഗ് പറഞ്ഞു.
മൻമോഹൻ സിംഗ്-രഘുറാം രാജൻ കൂട്ടുകെട്ടാണ് പൊതുമേഖലാ ബാങ്കുകളെ (പിഎസ്‌ബി) മോശം അവസ്ഥയിലേക്ക് നയിച്ചതെന്ന് യുഎസിൽ നടന്ന പരിപാടിയിൽ നിർമ്മല സീതാരാമൻ ഇന്നലെ പറഞ്ഞിരുന്നു.
16 ലക്ഷം നിക്ഷേപകരെ ബാധിച്ച പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് പ്രതിസന്ധിയെക്കുറിച്ചും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പരാമർശിച്ചു. ജനകീയ സൗഹൃദ നയങ്ങൾ സ്വീകരിക്കാൻ കേന്ദ്രത്തിലെയും മഹാരാഷ്ട്രയിലെയും ബിജെപി സർക്കാരുകൾ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ അധികാരത്തിലിരുന്നപ്പോൾ സംഭവിച്ചത് സംഭവിച്ചു. ചില ബലഹീനതകൾ ഉണ്ടായിരുന്നു. പക്ഷേ, തെറ്റ് എല്ലായ്പ്പോഴും യു.പി.എയുടെ ഭാഗത്താണെന്ന് നിങ്ങൾക്ക് അവകാശപ്പെടാൻ കഴിയില്ല. നിങ്ങൾ അഞ്ച് വർഷമായി രാജ്യം ഭരിക്കുകയാണ്. യു.പി.എ സർക്കാരിനെ പഴിചാരിയത് കൊണ്ട് പ്രയോജനമില്ല,” 2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിംഗ് പറഞ്ഞു.