Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ഗോവയില്‍ ബിജെപി എം.എല്‍.എമാരുടെ മേലുള്ള പിടി അയഞ്ഞ് മനോഹര്‍ പരീക്കര്‍; നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുവാന്‍ നീക്കം

, 7:53 pm

തെലങ്കാനയ്ക്ക് പിന്നാലെ ഗോവ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നുള്ള അഭ്യൂഹം ശക്തമാവുകയാണ്. ലോക്സഭാ പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നീക്കം.

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം വിട്ട് കേന്ദ്ര പ്രതിരോധ മന്ത്രിയായതോടെയാണ് അദ്ദേഹത്തിന് സംസ്ഥാനത്തെ പാര്‍ട്ടിയിലുള്ള പിടി അയയാന്‍ തുടങ്ങിയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാതിരുന്ന ബിജെപി മനോഹര്‍ പരീക്കറെ മുന്നില്‍ നിര്‍ത്തി ഭരണം പിടിച്ചെടുത്തുവെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയാത്തതും ആരോഗ്യ സ്ഥിതി മോശമായതും പരീക്കര്‍ക്ക് തിരിച്ചടിയായി.

അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയ മനോഹര്‍ പരീക്കര്‍ തിരിച്ചെത്തിയെങ്കിലും, ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ ഭരണമില്ലാത്ത അവസ്ഥയാണ്. മാത്രമല്ല പാര്‍ട്ടിയിലും സഖ്യകക്ഷികളിലും പ്രശ്നങ്ങളുണ്ട്.  ഈയൊരു സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിട്ട് കെയര്‍ടേക്കര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് പരീക്കര്‍ ശ്രമിക്കുന്നത്.

അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ, ഗോവ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡാങ്കര്‍ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ട ചോഡാങ്കര്‍, നിയമസഭ പിരിച്ചുവിടരുതെന്നും, മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജിവെച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് ചോഡാങ്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ബിജെപി രംഗത്തെത്തി. നിയമസഭ പിരിച്ചുവിടുന്നതിനെ കുറിച്ച്‌ പാര്‍ട്ടി ആലോചിച്ചിട്ടു പോലുമില്ല. കോണ്‍ഗ്രസ് ഗ്യാലറിക്ക് വേണ്ടി കളിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കര്‍ കുറ്റപ്പെടുത്തി.

Advertisement