ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ, ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി പുറത്തുവിട്ടതായി റിപ്പോർട്ട്. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനോജ് തിവാരി തിയതി വെളിപ്പെടുത്തിയത്. ഡൽഹി തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് തിവാരി തിയതി പുറത്തുവിട്ടത്.
ഡിസംബർ 19-ന് നൽകിയ അഭിമുഖത്തിലാണ് ഫെബ്രുവരി എട്ടിന് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മനോജ് തിവാരി സൂചന നൽകുന്നത്. ട്വിറ്ററിലാണ് മനോജ് തിവാരിയുടെ അഭിമുഖം വൈറലായത്. “കെജ്‌രിവാൾ ദബാംഗ് ആണോ അല്ലയോ എന്ന് ഫെബ്രുവരി എട്ടിന് വ്യക്തമാകുമെന്ന്” മനോജ് തിവാരി അഭിമുഖത്തിൽ പറയുന്നു. ജനുവരി ആറിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മനോജ് തിവാരി അറിയാതെ തിരഞ്ഞെടുപ്പ് തിയതി പറയുമ്പോൾ അവതാരകൻ വിഷയം മാറ്റുന്നതും അഭിമുഖത്തിൽ വ്യക്തമാണ്.
സദസ്സിലുള്ളവർ ഇത് ചോദ്യം ചെയ്തതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിനായിരുന്നു അപ്പോൾ ഇത്തവണ എട്ടിനായിരിക്കും എന്ന് പ്രവചിക്കുന്നതിൽ എന്താണ് തെറ്റെന്ന് തിവാരി മറുചോദ്യം ചോദിച്ചു. ചോദ്യം ഉന്നയിച്ചവരോട് അദ്ദേഹം തട്ടിക്കയറുകയും ചെയ്തു. പരിപാടിയുടെ അവതാരകൻ ഇടപെട്ട് വിവാദം ഒഴിവാക്കിയെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷൻ തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ട്വിറ്ററിൽ ഡിസംബർ 2-1ലെ വീഡിയോ വൈറലായിരിക്കുകയാണ്.