2021 ജൂലൈയിൽ ഇന്ത്യയിൽ 13 കോടി ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായും 2021 ഓഗസ്റ്റിൽ ഇത് ത്വരിതപ്പെടുത്തുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ഞായറാഴ്ച പറഞ്ഞു. വാക്‌സിൻ ക്ഷാമത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയായാണ് മന്ത്രി ട്വിറ്ററിൽ ഈ പരാമർശം നടത്തിയത്.
“ജൂലൈ മാസത്തിൽ ഇന്ത്യയിൽ 13 കോടിയിലധികം വാക്സിനുകൾ നൽകിയിട്ടുണ്ട്. ഈ മാസം അത് ത്വരിതപ്പെടുത്താൻ പോകുന്നു. ഈ നേട്ടത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇനി നിങ്ങലക്കും അവരെക്കുറിച്ചും രാജ്യത്തെക്കുറിച്ചും അഭിമാനിക്കാം, ” മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
“ജൂലൈ കഴിഞ്ഞു, വാക്സിൻ ക്ഷാമം മാറിയിട്ടില്ല.” എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. “കോവിഡ്: ഇന്ത്യയ്ക്ക് അതിന്റെ വാക്സിനേഷൻ ലക്ഷ്യം കൈവരിക്കാൻ കഴിയുമോ?” എന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പും രാഹുൽ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചു. വിവിധ സ്ഥലങ്ങളിൽ വാക്സിൻ പ്രതിസന്ധിയെക്കുറിച്ചുള്ള നിരവധി വാർത്താ തലക്കെട്ടുകൾ കാണിച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ.
“ജൂലൈ വന്നു, വാക്സിനുകൾ വന്നില്ല വാക്‌സിനുകൾ എവിടെ.” എന്ന് പറഞ്ഞുകൊണ്ട് ജൂലൈ തുടക്കത്തിൽ, ഗാന്ധി സമാനമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ജൂലൈയിൽ കോവിഡ് -19 വാക്സിൻ സ്വീകരിച്ച നിരവധി ആളുകളിൽ ഒരാളാണ് താങ്കളുമെന്ന് രാഹുൽ ഗാന്ധിക്ക് മറുപടിയായി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ജൂലൈയിൽ കുത്തിവയ്പ് എടുത്ത 13 കോടി ആളുകളിൽ ഒരാളാണ് താങ്കളുമെന്ന് ഞാൻ അറിഞ്ഞു. പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർക്കായി നിങ്ങൾ ഒരു വാക്കുപോലും സംസാരിച്ചില്ല, വാക്സിൻ എടുക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചില്ല. അതിന്റെ അർത്ഥം, നിങ്ങൾ വാക്സിനേഷന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. വാക്സിൻ ഇല്ലാത്തതല്ല, നിങ്ങൾക്ക് പക്വത ഇല്ലത്തതാണ് പ്രശ്നം,” മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.