ഛത്തീസ്ഗഢ് അബുജ്മറില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് ജവാന്മാര്‍ക്ക് ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അബുജ്മറില്‍ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. മേഖലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റുമുട്ടല്‍ തുടരുകയാണ്.
മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മലയോര മേഖലയാണ് അബുജ്മര്‍. നാരായണ്‍പൂര്‍, ബീജാപൂര്‍, ദന്തേവാഡ എന്നീ ജില്ലകളിലാണ് അബുജ്മര്‍ മലയോര പ്രദേശം. ഒറ്റപ്പെട്ട് കിടക്കുന്ന അബുജ്മര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ ജില്ലകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം സംയുക്തമായി അബുജ്മറിലേക്ക് എത്തുകയായിരുന്നു.
ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഐടിബിപി 53ാം ബറ്റാലിയനുമാണ് അബുജ്മര്‍ മലയോര മേഖലയില്‍ എത്തിയത്. തുടര്‍ന്ന് രണ്ട് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് എട്ട് മാവോയിസ്റ്റുകളെ വധിച്ചത്. കഴിഞ്ഞ മാസം ഗഗളൂര്‍ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ പത്തിലേറെ മാവോയിസ്റ്റുകളെ വധിച്ചിരുന്നു.