ദാവൂദ് ഇബ്രാഹിം, മസൂദ് അസർ, ഹാഫിസ് സയീദ്, ലഖ്‌വി എന്നിവരെ പുതിയ ഭീകരവിരുദ്ധ നിയമപ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ചു

ജയ്ഷ്-ഇ-മുഹമ്മദ് മേധാവി മസൂദ് അസർ, ലഷ്കർ-ഇ-തയ്‌ബയുടെ ഹാഫിസ് സയീദ്, അദ്ദേഹത്തിന്റെ സഹായി സാക്കി-ഉർ-റഹ്മാൻ ലഖ്‌വി, 1993- ലെ മുംബൈ പരമ്പര സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം എന്നിവരെ ജൂലൈയിൽ പാർലിമെന്റ് പാസാക്കിയ പുതിയ ഭീകരവിരുദ്ധ നിയമപ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ചു. തീവ്രവാദി പട്ടികയിലെ ആദ്യത്തെ നാല് പേരുകൾ ഇവരുടേതാണ്. അടുത്തിടെ ഭേദഗതി ചെയ്ത യു.എ.പി.എ [നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം] പ്രകാരം വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം നൽകുന്നുണ്ട്.

1967- ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 35-ാം വകുപ്പിലെ ഉപവകുപ്പ് (1) ലെ വകുപ്പ് (എ) പ്രകാരം നാലുപേരെയും തീവ്രവാദികളെന്ന് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുറത്തിറക്കി.

40 സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ഫെബ്രുവരി 14- ലെ പുൽവാമ ആക്രമണം ഉൾപ്പെടെ 5 തീവ്രവാദ കേസുകളാണ് എം.എച്ച്.എ മസൂദ് അസ്ഹറിന് മേൽ ചാർത്തിയിരിക്കുന്നത്.

ലഷ്‍കർ ഇ ത്വയ്യിബ നേതാവ് ഹഫീസ് സയ്യീദ് എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. 2008-ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരൻ. ലഷ്‍കറിന്‍റെ പത്ത് ഭീകരർ മുംബൈയുടെ പലഭാഗങ്ങളിലായി 12 ഇടങ്ങളിൽ വെടിവെയ്പ്പും ബോംബ് സ്ഫോടനങ്ങളും നടത്തി നഗരത്തെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയത് നാല് ദിവസങ്ങളാണ്. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ 9 ഭീകരരും ഉൾപ്പെടുന്നു. ഒരാളെ അന്ന് ഇന്ത്യ ജീവനോടെ പിടിച്ചു. 300-ലധികം പേർക്ക് അന്ന് പരിക്കേറ്റു.

സയ്യിദിന്‍റെ നേതൃത്വത്തിലുള്ള സംഘടനകളായ ജമാ – അത്ത് – ഉദ്ദവയടക്കമുള്ളവ ഇന്ത്യ നിരോധിച്ചതാണ്. ഭീകരനായി പ്രഖ്യാപിക്കപ്പെട്ട സാകി-യുർ-റഹ്‍മാൻ ലഖ്‍വി ലഷ്‍കറിന്‍റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ്.

Read more

ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാകിസ്ഥാനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. 1993-ൽ മുംബൈയിൽ നടന്ന സ്ഫോടനപരമ്പരയുടെ സൂത്രധാരൻ ദാവൂദായിരുന്നു. 300-ഓളം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ലിസ്റ്റിലുണ്ട് ദാവൂദും. ആഗോള തീവ്രവാദിയായി യുഎൻ സുരക്ഷാ കൗൺസിൽ ദാവൂദിനെയും പ്രഖ്യാപിച്ചിട്ടുമുണ്ട്.