ഛത്തീസ്ഗഢില്‍ സുരക്ഷ സേന-മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടെ 50 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ബിജാപൂരിലാണ് മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍. വനിതകളും പുരുഷന്‍മാരും ഉള്‍പ്പെടെയാണ് കീഴടങ്ങിയത്.
തലയ്ക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ വിലയിട്ട മാവോയിസ്റ്റ് നേതാക്കളും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ദണ്ഡേവാഡയില്‍ 15 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഛത്തീസ്ഗഢില്‍ സുരക്ഷ സേന- മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ ശക്തമായി തുടരുകയായിരുന്നു.
കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.