അസാമില്‍ വന്‍ ലഹരിമരുന്ന് വേട്ട. അസമിലെ ബരാക് താഴ്‌വരയിൽ നടത്തിയ പ്രത്യേക ഓപ്പറേഷനുകളിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.9 കിലോ ഹെറോയിനും 800 കിലോ കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബോര്‍ജോണ (27), റോബര്‍ട്ട് (24), ഡാനിയല്‍ (26), ബിന്റു (28), രാജെന്‍ (41), ഹുസൈന്‍ (23) എന്നിവരാണ് അറസ്റ്റിലായവര്‍.
ബോര്‍ജോണയും റോബര്‍ട്ടും മണിപ്പൂര്‍ സ്വദേശികളാണെന്നും മറ്റ് നാല് പേര്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ നിന്നാണ് ഹെറോയിന്‍ എത്തിയതെന്ന് കച്ചാര്‍ പൊലീസ് സൂപ്രണ്ട് നുമാല്‍ മഹത്ത പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയെ അടിസ്ഥാനമാക്കിയാണ് ഓപ്പറേഷൻ നടത്തിയതെന്നും പൊലീസ് പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കളെ ഭീഷണിപ്പെടുത്തുന്ന വിപത്തിനെ ഉന്മൂലനം ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മയക്കുമരുന്ന് കടത്തിനെതിരെ നിരന്തരമായ കാമ്പയിൻ പ്രഖ്യാപിച്ചു. സംസ്ഥാനം തുടരുന്ന “മയക്കുമരുന്ന് വിരുദ്ധ യുദ്ധം” സംരംഭത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ശർമ്മയുടെ പ്രഖ്യാപനം.
2021 മെയ് 10 ന് അധികാരമേറ്റ ശേഷം 2024 മെയ് 15 വരെ മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 8855 കേസുകൾ അധികൃതർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ, മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 14,593 വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 432 കിലോ ഹെറോയിൻ, 105567 കിലോ കഞ്ചാവ്, 453 കിലോ കറുപ്പ്, 1100858 കുപ്പി കോഡൈൻ കഫ് സിറപ്പ് എന്നിവ നിയമപാലകർ പിടിച്ചെടുത്തു. കൂടാതെ, ഗണ്യമായ എണ്ണം ഗുളികകളും ക്യാപ്‌സ്യൂളുകളും, മൊത്തം 123,512,298 പിടിച്ചെടുത്തിട്ടുണ്ട്.