മരുമകനും ബിഎസ്പി നേതാവുമായ ആകാശ് ആനന്ദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പാര്‍ട്ടി അധ്യക്ഷ മായാവതി. മായാവതി നേരത്തെ അനന്തിരവനായ ആകാശിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പാര്‍ട്ടിയുടെ ദേശീയ കോ ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുളള പദവികളില്‍ നിന്ന് ആകാശിനെ മായാവതി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്നു തന്നെ ആകാശിനെ പുറത്താക്കിയത്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി നേതൃപദവികളില്‍നിന്ന് പുറത്താക്കിയത്.
ആകാശിന്റെ പിതാവ് ആനന്ദ് കുമാറിനേയും രാജ്യസഭാംഗം റാംജി ഗൗതമിനേയും പാര്‍ട്ടിയുടെ പുതിയ കോ ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചു. അപക്വമായ പെരുമാറ്റം മൂലമാണ് ആകാശിനെ സ്ഥാനമാനങ്ങളില്‍ നിന്ന് നീക്കുന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം മായാവതി നല്‍കിയ വിശദീകരണം.
തന്റെ ജീവിതകാലത്ത് ഇനി ഒരു പിന്‍ഗാമിയുടെ പേര് താന്‍ പറയില്ലെന്നും മായാവതി വ്യക്തമാക്കിയിരുന്നു. രണ്ടാം തവണയാണ് ആകാശിനെ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് പുറത്താക്കിയത്.
Read more
2019ലാണ് ആകാശിന് ബി.എസ്.പി ദേശീയ കോഡിനേറ്ററായി നിയമിച്ചത്. സീതാപൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെ മെയ് ഏഴിന് സ്ഥാനത്തുനിന്ന് നീക്കി. ജൂണ്‍ 23ന് ആകാശ് വീണ്ടും പദവിയില്‍ തിരിച്ചെത്തി. ബി.എസ്.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം.പി അശോക് സിദ്ധാര്‍ഥുമായുള്ള ആകാശിന്റെ ബന്ധമാണ് നടപടിക്ക് കാരണമെന്ന് മായാവതി വ്യക്തമാക്കി. സിദ്ധാര്‍ഥിന്റെ മകളെയാണ് ആകാശ് വിവാഹം കഴിച്ചത്. സിദ്ധാര്‍ഥിന് മകളിലുള്ള സ്വാധീനം ആകാശിലും ഉണ്ടാവും. ഈ സാഹചര്യത്തിലാണ് ആകാശിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കുന്നതെന്നും മായാവതി വ്യക്തമാക്കിയിരുന്നു.