യുപിയില്‍ ബിജെപിയെ താങ്ങി നിര്‍ത്തിയത് മായാവതി; 16 സീറ്റുകളില്‍ ബിജെപി ജയത്തില്‍ നിര്‍ണായകമായത് ബിഎസ്പി വോട്ട്; കാന്‍ഷി റാമിന്റെ പാര്‍ട്ടിയെ മായാവതി കൊണ്ടെത്തിച്ച അവസ്ഥ

ഭരണവിരുദ്ധ വികാരത്തില്‍ ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശ് യുപി കെ ലഡ്‌കെ ട്രെന്‍ഡില്‍ ബിജെപിയെ അമ്പേ തോല്‍പ്പിച്ചു വിട്ടതാണ്. പക്ഷേ മായാവതിയുടെ ബിഎസ്പിയാണ് ഉത്തര്‍പ്രദേശില്‍ തകര്‍ന്നടിയാതെ ബിജെപിയെ കാത്തതെന്നാണ് പുറത്തുവരുന്ന വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്. ഇപ്പോഴുണ്ടായ 62 സീറ്റില്‍ നിന്ന് 33 സീറ്റിലേക്കുള്ള വീഴ്ചയായിരുന്നില്ല ഉത്തര്‍പ്രദേശ് ബിജെപിയ്ക്കായി കരുതിവെച്ചിരുന്നതെന്നത് വ്യക്തമാക്കുകയാണ് വോട്ട് കണക്കുകള്‍. 16 സീറ്റില്‍ ബിജെപിയുടേയും സഖ്യകക്ഷികളുടേയും വിജയം ഉറപ്പാക്കിയത് മായാവതിയുടെ ബിഎസ്പിയാണ്.

മായാവതിയുടെ പാര്‍ട്ടി നേടിയ വോട്ടുകളില്‍ താഴെ നില്‍ക്കുന്നതാണ് 16 ഇടത്തെ ബിജെപിയുടെ ഭൂരിപക്ഷം. അതായത് ബിഎസ്പി ആ വോട്ട് പിടിച്ചില്ലായിരുന്നെങ്കിലോ ഇന്ത്യ മുന്നണിക്ക് ഒപ്പമായിരുന്നെങ്കിലും 33ല്‍ 14 സീറ്റുകള്‍ കൂടി യുപിയില്‍ ബിജെപിയ്ക്ക് കൈമോശം വന്നേനേ. ഒപ്പം സഖ്യ കക്ഷിയായ ആര്‍എല്‍ഡിയുടേയും അപ്‌നാദളിന്റേയും ഓരോ സീറ്റും പോയേനേ. ദളിത് മുന്നേറ്റ പാര്‍ട്ടിയെന്ന നിലയില്‍ കാന്‍ഷി റാം എന്ന ബഹുജന്‍ നായക് കൊണ്ടുവന്ന പാര്‍ട്ടിയാണ് ഇന്ന് തീവ്ര സവര്‍ണ രാഷ്ട്രീയം പറയുന്ന ബിജെപിയ്ക്ക് കനത്ത പ്രഹരമേല്‍ക്കേണ്ട സാഹചര്യത്തില്‍ പൊതിഞ്ഞുപിടിക്കാന്‍ കാരണമായതെന്നത് മായാവതിയെ വീണ്ടും ദളിത് രാഷ്ട്രീയത്തില്‍ അപ്രസക്തയാക്കി മാറ്റുകയാണ്.

നിലവില്‍ ഒറ്റ സീറ്റ് പോലും ജയിക്കാതെ പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കാതെ ബിജെപിയുടെ ഇഡി- സിബിഐ പേടിയില്‍ ശബ്ദം നഷ്ടപ്പെട്ട നേതാവായ മായാവതിയെ ചരിത്രം ‘കുലംകുത്തി’യെന്ന് വിളിക്കുന്ന കാലം വിദൂരമല്ല. തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ പോലും എന്‍ഡിഎയും ഇന്ത്യ മുന്നണിയും തമ്മിലുള്ള അന്തരം മനസിലാക്കാതെ ജയിക്കുന്ന മുന്നണിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ മായാവതി ദളിത് രാഷ്ട്രീയത്തെ ഒറ്റുകൊടുക്കുകയായിരുന്നു.

ഇപ്പോള്‍ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ രക്ഷിക്കാന്‍ മല്‍സരിക്കുന്ന പാര്‍ട്ടിയെന്ന പേര് രാഷ്ട്രീയ ഇടങ്ങളില്‍ ചാര്‍ത്തിക്കിട്ടിയ അസദുദ്ദിന്‍ ഒവൈസിയെ പോലെയാവുകയാണ് ബിഎസ്പിയും. യുപിയില്‍ 20ന് താഴേക്ക് ഒതുങ്ങുന്ന നിലയിലായി പോകേണ്ട ബിജെപിയെ വോട്ട് ഷെയറിലൂടെ കാത്ത് രക്ഷിക്കുകയായിരുന്നു മായാവതിയുടെ ബിഎസ്പി എന്ന് തെളിയുന്നുണ്ട്.

അയോധ്യയിലെ രാമക്ഷേത്രവും ഹിന്ദുത്വവികാരവും ഒന്നും ഏല്‍ക്കാതെ വിലക്കയറ്റവും തൊഴിലില്ലായ്മയും അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായ വികാരവും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഒരിക്കിവെച്ചിരുന്നത്. രാമക്ഷേത്രം ഉള്‍പ്പെടുന്ന അയോധ്യ അടങ്ങിയ ഫൈസാബാദടക്കം ബിജെപിയെ വീഴ്ത്തി. വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം നാലര ലക്ഷത്തില്‍ നിന്ന് കുത്തനെ ഇടിഞ്ഞു ഒന്നരയായി.

സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യസഖ്യം വന്‍ മുന്നേറ്റമുണ്ടാക്കി 43 സീറ്റ് പിടിച്ചപ്പോള്‍ ബിഎസ്പി സീറ്റ് ഒന്നും നേടാതെ രാഷ്ട്രീയമായി തന്നെ അപ്രസക്തമായി. പക്ഷേ ചെറിയ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ കക്ഷികള്‍ വിജയിച്ച 16 മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തിനേക്കാളും ഉയര്‍ന്ന വോട്ട് മായാവതി ഇറക്കിയ സ്ഥാനാര്‍ഥികള്‍ പിടിച്ചുവെന്ന് വ്യക്തമാകുമ്പോഴാണ് കാന്‍ഷി റാം മായാവതിയെ ഏല്‍പ്പിച്ച ബിഎസ്പി ഏത് കുഴിയിലാണ് വീണതെന്ന് വ്യക്തമാവുക. കഴിഞ്ഞ തവണ എസ്പിയുമായി സഖ്യത്തിലായി 10 സീറ്റ് പിടിച്ച ബിഎസ്പി ഇക്കുറി ഒറ്റയ്ക്ക് മല്‍സരിച്ച് ഒറ്റ സീറ്റില്ലാതെ ബിജെപി വിജയത്തിന് കാരണക്കാരായി.

ദേശീയ തലത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരി നല്‍കി സര്‍ക്കാരുണ്ടാക്കാന്‍ നില്‍ക്കുന്ന ബിജെപിക്ക് 16 സീറ്റ് കൂടി പോയിരുന്നെങ്കില്‍ ഉണ്ടായിരുന്ന പ്രതിസന്ധി ചെറുതാവില്ലായിരുന്നു. 56,000 ല്‍ താഴെ ഭൂരിപക്ഷത്തിലാണ് 16 സീറ്റിലും ബിജെപി ജയിച്ചത്. ബന്‍സ്ഗാവ്, ഫറൂഖാബാദ്, ഫുല്‍പൂര്‍ തുടങ്ങിയ ചില സീറ്റുകളില്‍ ബിജെപി വിജയിച്ച മാര്‍ജിനുകള്‍ 5,000-ത്തില്‍ താഴെയായിരുന്നു. അതേസമയം ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് 64,000, 45,000-ത്തിന് മുകളില്‍ വോട്ടും ലഭിച്ചു.