ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തിന് ആഴ്‌ചകൾ മുമ്പ്, മുൻ മുഖ്യമന്ത്രി മായാവതിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും “പരസ്‌പര പ്രശംസ” ഊഹാപോഹങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സുപ്രധാനമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനിടെയാണ് ഇരുവരും പരസ്പരം പ്രശംസ വാക്കുകൾ ചൊരിഞ്ഞുകൊണ്ട് രംഗത്തെത്തിയത്.
മായാവതിയുടെ പ്രചാരണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അമിത് ഷാ പ്രശംസിച്ച് സംസാരിച്ചതിനെ കുറിച്ച് പ്രതികരിച്ച മായാവതി പറഞ്ഞത്: “അദ്ദേഹത്തിന്റെ മഹത്മ്യം കൊണ്ടാണ് അദ്ദേഹം സത്യം അംഗീകരിച്ചത്” എന്നാണ്.
യു.പി തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും ബിഎസ്പിക്ക് (ബഹുജൻ സമാജ് പാർട്ടി) ദളിത്, മുസ്ലീം വോട്ടുകൾ മാത്രമല്ല, ഉയർന്ന ജാതിക്കാരുടെയും, മറ്റ് പിന്നോക്ക വിഭാഗത്തിന്റെയും വോട്ടുകളും ലഭിച്ചിട്ടുണ്ട് എന്ന് താൻ അമിത് ഷായോട് പറയാൻ ആഗ്രഹിക്കുന്നു എന്നും മായാവതി കൂട്ടിച്ചേർത്തു.
403 സീറ്റുകളുള്ള യുപി നിയമസഭയിൽ 300 കടക്കുമെന്ന ബിജെപിയുടെ അവകാശവാദത്തിനും മായാവതി മറുപടി നൽകി. “ഫലം വന്നാലേ അത് പറയാൻ സാധിക്കുകയുള്ളൂ. ആർക്കറിയാം, ബിജെപിക്കും സമാജ്‌വാദി പാർട്ടിക്കും പകരം ബിഎസ്‌പി വിജയിച്ചേക്കാം.” അവർ പറഞ്ഞു.
കയ്പേറിയ പിളർപ്പിന് മുമ്പ് 2019 ലെ ദേശീയ തിരഞ്ഞെടുപ്പിനായി ഹ്രസ്വ കാലത്തേക്ക് സഖ്യത്തിലായിരുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയോടുള്ള ബിഎസ്പി മേധാവിയുടെ വാക്കുകൾ കൂടുതൽ രൂക്ഷമായിരുന്നു. “സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം ഗുണ്ടാരാജ് നടന്നിട്ടുണ്ടെന്ന് അറിയാവുന്നതിനാൽ യുപിയിലെ വോട്ടർമാർ സമാജ്‌വാദി പാർട്ടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്,” മായാവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read more
മായാവതിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് ചൊവ്വാഴ്ച ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു. ദളിത്, മുസ്ലീം വോട്ടുകളിൽ ചിലത് ബിഎസ്പി കൈക്കലാക്കുന്നത് ഉത്തർപ്രദേശിൽ ബി.ജെ.പിയെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന്, “ഇത് ബിജെപിക്ക് നേട്ടമാകുമോ നഷ്ടമാകുമോയെന്ന് എനിക്കറിയില്ല. അത് സീറ്റിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ മായാവതിയുടെ പ്രസക്തി അവസാനിച്ചു എന്നത് ശരിയല്ല,” അമിത് ഷാ പറഞ്ഞു. മായാവതിയുടെ പതിഞ്ഞ പ്രചാരണം അവരുടെ അടിത്തറ പൂർണ്ണമായും നശിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്നും ഷാ പറഞ്ഞു.