"പാർട്ടി അച്ചടക്കം ലംഘിച്ചാൽ...": പൗരത്വ നിയമത്തെ ചൊല്ലി എം‌.എൽ‌.എയെ സസ്പെൻഡ് ചെയ്ത് മായാവതി

ഭേദഗതി ചെയ്ത പൗരത്വ നിയമത്തെ രൂക്ഷമായി വിമർശിച്ച ബഹുജൻ സമാജ്‌വാദി പാർട്ടി മേധാവി മായാവതി, നിയമനിർമാണത്തെ പിന്തുണച്ചതിന് പാർട്ടി എം‌.എൽ‌.എയെ സസ്‌പെൻഡ് ചെയ്തു. ബി‌.എസ്‌.പി അച്ചടക്കമുള്ള പാർട്ടിയാണെന്നും അച്ചടക്കം ലംഘിച്ചാൽ പാർട്ടിയുടെ എം‌.പിമാർക്കും എം‌.എൽ‌.എമാർക്കും എതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മായാവതി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന് പതേരിയയിൽ നിന്നുള്ള ബിഎസ്പി എം‌എൽ‌എ രമാബായ് പരിഹാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അവരെ വിലക്കിയിട്ടുണ്ട്, മായാവതി ഇന്ന് രാവിലെ ട്വീറ്റ് ചെയ്തു.

Read more

“പൗരത്വ നിയമ ഭേദഗതി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന ഒന്നാണെന്നും ഭരണഘടനയുടെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്നും ആദ്യമായി പറഞ്ഞത് ബി‌എസ്‌പി ആയിരുന്നു. ഞങ്ങളുടെ പാർട്ടി ബില്ലിനെതിരെ പാർലമെന്റിൽ വോട്ട് ചെയ്തു, ബിൽ റദ്ദാക്കണമെന്ന് ഞങ്ങൾ പ്രസിഡന്റിനോടും അഭ്യർത്ഥിച്ചു. അതേസമയം രമാബായ് പരിഹാർ നിയമനിർമ്മാണത്തിന് പിന്തുണ അറിയിച്ച്‌ കൊണ്ട് മുന്നോട്ട് വന്നു,” മായാവതി മറ്റൊരു ട്വീറ്റിൽ എഴുതി, പാർട്ടി നിലപാടിന് വിരുദ്ധമായി തീരുമാനങ്ങൾ എടുത്ത മറ്റ് ചില സന്ദർഭങ്ങളിൽ എം‌എൽ‌എയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നും മായാവതി കൂട്ടിച്ചേർത്തു.