കോടതിയിൽ തീർപ്പാവാനിരിക്കുന്ന കേസുകൾ ടെലിവിഷനിലും, അച്ചടി മാധ്യമങ്ങളിലും ചർച്ച ചെയ്യുന്നത് ജഡ്ജിമാരുടെ ചിന്തകളെ സ്വാധീനിക്കുമെന്നും അത് ജുഡിഷ്യൽ സംവിധാനത്തിന് വലിയ നാശമുണ്ടാക്കുമെന്നും അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ സുപ്രീം കോടതിയിൽ പറഞ്ഞു. ഇന്ന് ഈ പ്രശ്‌നം ഭയാനകമായ അനുപാതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
“ഒരു ജാമ്യാപേക്ഷ കോടതി മുമ്പാകെ വരുമ്പോൾ, പ്രതിയും മറ്റൊരാളും തമ്മിലുള്ള സംഭാഷണങ്ങൾ ടിവിയിൽ പ്രധാന വാർത്തയായി വരുന്നു, ജാമ്യാപേക്ഷയുടെ വാദം കേൾക്കലിൽ അത് പ്രതിക്ക് ദോഷം ചെയ്യും,” ജസ്റ്റിസുമാരായ എ എം ഖാൻവൽക്കർ, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെ വേണുഗോപാൽ പറഞ്ഞു. ഇത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെ 2009- ൽ അഭിഭാഷകൻ-ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷൺ നടത്തിയ വിവാദ പരാമർശം കോടതിയലക്ഷ്യമാണോ എന്ന് പരിശോധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു വേണുഗോപാൽ. തെഹൽക്ക മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷൺ പരാമർശം നടത്തിയത്.
പ്രശാന്ത് ഭൂഷണിൽ നിന്ന് ഖേദവും വിശദീകരണവും സ്വീകരിക്കാൻ ഓഗസ്റ്റ് 100 ന് കോടതി വിസമ്മതിച്ചിരുന്നു. പ്രശാന്ത് ഭൂഷന്റെ പ്രസ്താവനകൾ പ്രഥമദൃഷ്ട്യാ അവഹേളനമാണോയെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഒരു ജഡ്ജിക്കെതിരെ പരാതി പ്രകടിപ്പിക്കുന്നതിനുള്ള നടപടിക്രമം, അത് ഏത് സാഹചര്യത്തിൽ എന്നൊക്കെയുള്ള കാര്യങ്ങളാണ് സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുന്നത്. കോടതിയുടെ പരിഗണനയിൽ ഉള്ള ഒരു വിഷയത്തെ മാധ്യമങ്ങളിൽ എത്രത്തോളം ചർച്ച ചെയ്യാമെന്നും പരിശോധിക്കുന്നു.
ഇക്കാര്യങ്ങളിൽ സുപ്രീംകോടതി വേണുഗോപാലിന്റെ സഹായം തേടിയിരുന്നു. നവംബർ 4- ന് ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.