മെഡിക്കല്‍ കോഴ വിവാദം; ജസ്റ്റിസ് നാരായണ്‍ ശുക്ലയെ മാറ്റി നിര്‍ത്തണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

മെഡിക്കല്‍ കോഴ ഇടപാടില്‍ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ്‍ ശുക്ലയ്ക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ദീപക് മിശ്ര നല്‍കി. ജസ്റ്റിസ് നാരായണ്‍ ശുക്ലയോട് രാജിവെയ്ക്കുകയോ നേരത്തെ വിരമിക്കുകയോ വേണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചിരുന്നു. ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് നാരായണ്‍ ശുക്ലയ്ക്കെതിരെ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ മാറി നില്‍ക്കാന്‍ തയ്യാറല്ലെന്ന് ജസ്റ്റിസ് ശുക്ല വ്യക്തമാക്കിയതായാണ് ലഭിക്കുന്ന വിവരം.

അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു, നാരായണ്‍ ശുക്ലയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. അനധികൃതമായി ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനു വേണ്ടി നാരായണ്‍ ശുക്ല ഇടപെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ നടപടി വേണം. മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാന്‍ ജസ്റ്റിസ് ശുക്ല തന്റെ തന്നെ വിധിയില്‍ തിരുത്തലുകള്‍ വരുത്തിയത് വിവാദമായിരുന്നു.

ലഖ്നൗവിലെ സ്വകാര്യ മെഡിക്കല്‍ കൊളേജിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച മദ്രാസ്, സിക്കിം, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ അടങ്ങുന്ന സമിതി, ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ നടപടികള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മാറി നില്‍ക്കാന്‍ തയ്യാറല്ലെന്ന് ജസ്റ്റിസ് നാരായണ്‍ ശുക്ലയുടെ നിലപാടിനെത്തുടര്‍ന്നാണ് ജസ്റ്റിസ് നാരായണ്‍ ശുക്ലയ്ക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചത്. ജസ്റ്റിസ് നാരായണ്‍ ശുക്ലയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ വൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി സിബിഐ, സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടും.