രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയത്തിലാണ് ഉന്നതതല യോഗം വിളിച്ചത്. യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിക്കും. യോഗത്തിൽ കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും.
മഴക്കെടുതി തുടരുന്ന സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവടങ്ങളിലെ നിലവിലെ സാഹചര്യവും യോഗത്തിൽ വിലയിരുത്തും. മൺസൂണിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വെള്ളപ്പൊക്കത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് യോഗം.
അതേസമയം 19 ജില്ലകളിലായി ഏകദേശം 3.90 ലക്ഷത്തോളം ആളുകൾ നിലവിൽ വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. തമിഴ്‌നാട്, കേരളം, ജമ്മു കശ്മീർ എന്നിവിടങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. നിലവിൽ ഈ വർഷത്തെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 37 ആയി, ഒരാളെ കാണാതായും റിപ്പോർട്ടുണ്ട്.