സർക്കാരിനെയും ബിജെപി നേതൃത്വത്തെയും കടന്നാക്രമിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും സംസാരം തർക്കത്തിലാണ് അവസാനിച്ചതെന്നും സത്യപാൽ മാലിക് ആരോപിച്ചു.
“കർഷക പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ അദ്ദേഹവുമായി വഴക്കിട്ടു. അദ്ദേഹം വളരെ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത്. നമ്മുടെ 500 കർഷകർ മരിച്ചുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘അവർ എനിക്കുവേണ്ടിയാണോ മരിച്ചത്?’ എന്ന് അദ്ദേഹം ചോദിച്ചു. അതെ, കാരണം നിങ്ങൾ രാജാവാണ് എന്ന് ഞാൻ മറുപടി നൽകി. ഞാൻ അദ്ദേഹവുമായി വഴക്കിട്ടു. അമിത് ഷായെ കാണൂ എന്ന് അദ്ദേഹം പറഞ്ഞു, ഞാൻ അത് ചെയ്തു,” ഹരിയാനയിലെ ദാദ്രിയിൽ ഒരു സാമൂഹിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു സത്യപാൽ മാലിക്.
പിന്നീട്, ദാദ്രിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ചും കർഷകരുടെ തീർപ്പാക്കാത്ത ആവശ്യങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ സത്യപാൽ മാലിക് പറഞ്ഞു: “പ്രധാനമന്ത്രി പറഞ്ഞതല്ലാതെ മറ്റെന്താണ് കൂടുതൽ പറയാൻ കഴിയുക… നമ്മൾ (കർഷകർ) നമ്മൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കണം. എല്ലാം നശിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുന്നതിനുപകരം എംഎസ്‌പിയ്‌ക്ക് നിയമപരമായ ഗ്യാരണ്ടി ലഭിക്കുന്നതിന് നമ്മൾ അവരുടെ സഹായം സ്വീകരിക്കണം.”
“ചില പ്രശ്നങ്ങൾ ഇപ്പോഴും തീർപ്പാക്കിയിട്ടില്ല. ഉദാഹരണത്തിന്, കർഷകർക്കെതിരെ കേസുകളുണ്ട്… സർക്കാർ ആ കണക്കിൽ സത്യസന്ധത കാണിക്കുകയും കേസുകൾ പിൻവലിക്കുകയും വേണം. അതുപോലെ, എംഎസ്പി നിയമപരമാക്കണം.” സത്യപാൽ മാലിക് പറഞ്ഞു.
കാർഷിക നിയമങ്ങളെച്ചൊല്ലി കേന്ദ്രസർക്കാരിനെ മാലിക് അടുത്ത കാലത്ത് ഒന്നിലധികം തവണ വിമർശിച്ചിട്ടുണ്ട്. നവംബറിൽ ജയ്പൂരിൽ സംസാരിക്കവെ, കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
“ഈ പ്രക്ഷോഭം അവസാനിച്ചുവെന്ന് സർക്കാർ കരുതുന്നുവെങ്കിൽ, അത് അങ്ങനെയല്ല… പ്രക്ഷോഭം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. കർഷകരോട് അനീതിയോ അതിക്രമമോ നടന്നാൽ അത് വീണ്ടും തുടങ്ങും. ഏത് സാഹചര്യത്തിലും ഞാൻ അവരുടെ (കർഷകർ) കൂടെയുണ്ടാകും.” സത്യപാൽ മാലിക് പറഞ്ഞു.