ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ ചൊവ്വാഴ്ച രാത്രി തടങ്കലിൽ നിന്നും മോചിപ്പിച്ചു. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തൊട്ടു മുമ്പ് കർശനമായ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്‌എ) പ്രകാരം മെഹ്ബൂബ മുഫ്തിയെ തടങ്കലിൽ വെയ്ക്കുകയായിരുന്നു. ഒരു വർഷത്തോളം തടങ്കലിൽ കഴിഞ്ഞ ശേഷമാണ് മോചനം.
സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി തീരാറായ സാഹചര്യത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ മോചനം. മെഹ്ബൂബ മുഫ്തിയെ തടങ്കലിൽ വെച്ചതുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെയും ജമ്മു കശ്മീർ ഭരണകൂടത്തെയും ചോദ്യം ചെയ്തിരുന്നു: “മെഹബൂബ മുഫ്തിയെ എത്ര കാലം കസ്റ്റഡിയിൽ സൂക്ഷിക്കും?” എന്ന് കോടതി ചോദിച്ചു.
മെഹ്ബൂബ മുഫ്തിയെ എത്ര കാലം കസ്റ്റഡിയിൽ സൂക്ഷിക്കുമെന്നും അവരുടെ കസ്റ്റഡി ഒരു വർഷത്തിൽ കൂടുതൽ നീട്ടുമോ എന്ന കാര്യത്തിലും നിലപാട് അറിയിക്കാൻ ജമ്മു കശ്മീർ ഭരണകൂടത്തിന് രണ്ടാഴ്ചത്തെ സമയം സുപ്രീംകോടതി നൽകിയിരുന്നു.
“മെഹ്ബൂബ മുഫ്തിയുടെ അനധികൃത തടങ്കൽ അവസാനിക്കുന്നതോടെ, ഈ ദുഷ്‌കരമായ സമയങ്ങളിൽ എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കെല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത് ഇൽറ്റിജ, ഞാൻ സൈൻ ഓഫ് ചെയ്യുന്നു. അല്ലാഹു നിങ്ങളെ സംരക്ഷിക്കട്ടെ”. മെഹ്ബൂബ മുഫ്തിയുടെ മോചനത്തിന് മിനിറ്റുകൾക്ക് ശേഷം മകൾ ഇൽതിജ മുഫ്തി ട്വീറ്റ് ചെയ്തു. മെഹ്ബൂബ മുഫ്തിയുടെ ട്വിറ്ററിലൂടെ ഇത്രയും നാൾ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നത് മകളായിരുന്നു.