ആപ്പിൾ ഫോണിലൂടെ പെഗാസസ് ഫോൺ ചോർത്തൽ മുന്നറിയിപ്പ് ലഭിച്ചെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തിയുടെ മകളും ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായ ഇല്‍തിജ മുഫ്തി. ബുധനാഴ്ച സ്പൈവെയർ ആക്രമണത്തിന്റെ മുന്നറിയിപ്പ് ഐഫോണിലൂടെ ലഭിച്ചുവെന്ന് ഇല്‍തിജ മുഫ്തി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെയാണ് വീണ്ടും പെഗാസസ് ചർച്ചയാകുന്നത്.
“വിമർശകരെയും രാഷ്ട്രീയ എതിരാളികളെയും തകർക്കാൻ ബിജെപി ആയുധമാക്കിയ പെഗാസസ് എൻ്റെ ഫോൺ ഹാക്ക് ചെയ്തതായി ആപ്പിൾ മുന്നറിയിപ്പ് തന്നു. സ്ത്രീകളുടെ സ്വകാര്യതയിലേക്കു പോലും ബിജെപി ഒളിഞ്ഞുനോക്കുന്നത് അവരുടെയൊപ്പം തങ്ങൾ നിൽക്കാൻ വിസമ്മതിച്ചതുകൊണ്ടാണ്. ഇനിയും എത്രത്തോളം നിങ്ങൾ തരം താഴ്‌ന്നുപോകും?” പ്രധാനമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തര മന്ത്രാലയത്തെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇല്‍തിജയുടെ കുറിപ്പ്.ആപ്പിളിന്റെ മുന്നറിയിപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടും അവര്‍ എക്‌സില്‍ പങ്കുവെച്ചു.
Got an Apple alert that my phone’s been hacked by Pegasus which GOI has admittedly procured & weaponised to harass critics & political opponents. BJP shamelessly snoops on women only because we refuse to toe their line. How low will you stoop? @PMOIndia @HMOIndia pic.twitter.com/ohzbCO8txI
— Iltija Mufti (@IltijaMufti_) July 10, 2024
സമൃദ്ധ ഭാരത് ഫൗണ്ടേഷൻ ഡയറക്ടർ പുഷ്പരാജ് ദേശ്പാണ്ഡെയ്ക്കും സമാനമായ രീതിയിൽ ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചുവെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. “ഇന്നലെ വൈകുന്നേരം എനിക്ക് ആപ്പിളിൽ നിന്ന് ഒരു സന്ദേശവും ഇമെയിലും ലഭിച്ചു, എൻ്റെ ഫോൺ പെഗാസസ് പോലുള്ള ഒരു സ്പൈവെയറിൻ്റെ നിരീക്ഷണത്തിലാണെന്ന് മുന്നറിയിപ്പ് നൽകി. എൻ്റെ ഫോൺ സുരക്ഷിതമാക്കാൻ ആപ്പിൾ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. മുമ്പ് സമാനമായ ആക്രമണം നേരിട്ട ആളുകളിൽ നിന്നും ഞാൻ സഹായം തേടിയിട്ടുണ്ട്,” പുഷ്പരാജ് ദേശ്പാണ്ഡെ ദി വയറിനോട് പറഞ്ഞു.
Countless problems facing India which GoI should be redressing. Instead it’s more focused in deploying #Pegasus to scare & suppress.
Let PM @narendramodi & HM @AmitShah do their worst. We shall prevail ✊🏻! pic.twitter.com/gb9Qky3kut
— Pushparaj Deshpande | पुष्पराज देशपांडे | પુષ્પરાજ (@PushparajVD) July 10, 2024
ഹിന്ദു രാഷ്ട്രം എന്ന വലതുപക്ഷ സങ്കൽപ്പത്തിനെതിരായും പുരോഗമന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി പ്രവർത്തിക്കുന്ന സംഘടനയാണ് സമൃദ്ധ ഭാരത് ഫൗണ്ടേഷൻ.
പുഷ്പരാജ് ദേശ്പാണ്ഡെ
നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങി നിരവധി പേരുടെ ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് വഴി ചോര്‍ത്തിയിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. 98 രാജ്യങ്ങളിലെ ആളുകള്‍ക്ക് അയയ്‌ക്കപ്പെട്ട മുന്നറിയിപ്പിന്റെ സമാന മുന്നറിയിപ്പാണ് ഇല്‍തിജയ്ക്കും പുഷ്പരാജിനും ലഭിച്ചത്. ആപ്പിളിന്റെ കണക്കനുസരിച്ച് ഇതുവരെ 150 രാജ്യങ്ങളിലെ വ്യക്തികള്‍ക്ക് ഇത്തരത്തിലുള്ള ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പെഗാസസ് വഴി പൗരന്മാരെ അനധികൃതമായി നിരീക്ഷിച്ചെന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ അന്വേഷണവുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2022ല്‍ സുപ്രീംകോടതി രൂപീകരിച്ച സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണം ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു.