നീലഗിരി തെപ്പക്കാട് മുതുമല വന്യജീവി സങ്കേതത്തിൽ ആദിവാസി ബാലനെ കൊണ്ട് തന്റെ ചെരുപ്പ് ഊരിച്ച തമിഴ്നാട് വനം മന്ത്രി ദിണ്ടിക്കൽ ശ്രീനിവാസൻ കുടുംബാംഗങ്ങളെ നേരിൽ വിളിപ്പിച്ച് മാപ്പ് പറഞ്ഞു. ഇതേത്തുടര്‍ന്ന് മസിനഗുഡി പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ കുട്ടി സമ്മതിച്ചു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം കുട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
സംഭവം വിവാദമായതോടെ പേരമകനെ പോലെ കരുതിയാണ് ബാലനെ വിളിച്ച് ചെരിപ്പഴിക്കാൻ പറഞ്ഞതെന്നും നിക്ഷിപ്ത താത്പര്യങ്ങളില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഔദ്യോഗിക പരിപാടിക്കിടെ നടത്തിയ ക്ഷേത്രസന്ദർശനത്തിന് മുന്നാേടിയായാണ് സ്ഥലത്തുണ്ടായിരുന്ന ആദിവാസി ബാലനെ വിളിപ്പിച്ച് ചെരിപ്പ് അഴിപ്പിച്ചത്. മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ കുങ്കിയാനകള്‍ക്കുള്ള 48 ദിവസത്തെ സുഖചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ഇതിന് മുന്നോടിയായി വനം ഉദ്യോഗസ്ഥരുടെയും പ്രാദേശിക നേതാക്കളുടെയും ഒപ്പമാണ് ശ്രീനിവാസന് ക്ഷേത്രത്തിലെത്തിയത്.