ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഇത് ബിജെപിയുടെ ഭയമാണ് കാണിക്കുന്നതെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു.
എഎപി വിട്ട് ഡല്‍ഹി മുഖ്യമന്ത്രിയാകാനുള്ള ബിജെപി വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ അവര്‍ ഇപ്പോള്‍ എന്നെ സമീപിച്ചു. നിങ്ങള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ സത്യേന്ദര്‍ ജെയിനിനെയും സിസോദിയയെയും വെറുതേവിടാം, അവര്‍ക്കെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പും ഗുജറാത്ത് തിരഞ്ഞെടുപ്പും ഒരേസമയം സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് പേടിയില്ല. രണ്ടിടത്തും ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ ബിജെപി ഇങ്ങനെയൊരു കാര്യത്തിന് വാശിപിടിക്കുമായിരുന്നില്ല.
ഗുജറാത്തിലും ഡല്‍ഹി എംസിഡി തെരഞ്ഞെടുപ്പിലും തോല്‍ക്കുമെന്ന് ബിജെപി ഭയക്കുന്നു എന്നതാണ് വസ്തുത. അതിനാല്‍ രണ്ട് തിരഞ്ഞെടുപ്പുകളും ഒരേസമയം നടക്കുമെന്ന് അവര്‍ ഉറപ്പുവരുത്തിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.