ഇല്ല, രാജ്യത്തെ മുസ്ലിങ്ങള്‍ മാറി ചിന്തിച്ചില്ല, 90 ന്യൂനപക്ഷ ജില്ലകളില്‍ വന്‍ മുന്നേറ്റം നടത്തി ബി.ജെ.പി; കോണ്‍ഗ്രസിന് കിട്ടിയത് ആറ് സീറ്റുകള്‍ മാത്രം!! കാരണം ചികഞ്ഞ് പാര്‍ട്ടികള്‍

നരേന്ദ്ര മോദി ആദ്യവട്ടം അധികാരത്തിലേറിയതു മുതല്‍ ന്യൂനപക്ഷ വോട്ടുകളുടെ കണക്കുകള്‍ പെരുക്കി സ്വന്തം കള്ളി നിറച്ചിരുന്ന കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് എന്തു കൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് വിനയായത്. സ്വതന്ത്ര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഏറ്റവും ഭയചകിതരായ കാലത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് മോദിയോടൊപ്പം ചേര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2014 ലെ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലെ ദളിതരും മുസ്ലിങ്ങളും മോദിക്ക് ഹായ് പറഞ്ഞപ്പോള്‍ യു പിയില്‍ നിന്ന് മാത്രം എന്‍ ഡി എ പിടിച്ചത് 80 ല്‍ 73 സീറ്റ്. ഫലത്തില്‍ ദളിതരുടെ തലതൊട്ടമ്മയെന്ന വിശേഷണമുള്ള ബിഎസ്പിയുടെ മായാവതിയും മുസ്ലിങ്ങളുടെ അഭയസ്ഥാനം എന്ന് കരുതിയ എസ് പിയുടെ മുലായം സിങ്ങും കളം വിടേണ്ടി വന്നു. ഇക്കുറി മുസ്ലിങ്ങള്‍ ഒന്നടങ്കം ബിജെപി-മോദി വിരുദ്ധ നിലപാടുകള്‍ എടുക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മൂസ്ലിങ്ങളും കൂട്ടത്തോടെ മോദിയെ തുണച്ചതായി കണക്കുകള്‍ പറയുന്നു. ഇതിനു കാരണം കാണാതെ ഉഴലുകയാണ് രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍.

രാജ്യത്തെ ന്യൂനപക്ഷ ജില്ലകളില്‍ പകുതിയിലേറെ സീറ്റുകളും ഇക്കുറി നേടിയത് ബിജെപിയാണ്. മുമ്പ് യു പി എ സര്‍ക്കാര്‍ ന്യൂനപക്ഷ കേന്ദ്രീകൃതം എന്ന് കണ്ടെത്തിയ 90 ജില്ലകളിലാണ് ബിജെപി മേല്‍കൈ നേടിയത്. മേല്‍പറഞ്ഞ ജില്ലകളില്‍ പെട്ട 79 ലോക്‌സഭാ സീറ്റുകളില്‍ 41 സീറ്റുകളും ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് ആറ് സീറ്റുകള്‍ മാത്രം.ഇവിടെ കഴിഞ്ഞ തവണത്തേക്കാളും ഏഴു സീറ്റുകള്‍ ബിജെപി കൂടുതല്‍ നേടുകയും ചെയ്തു.

മോദി തരംഗമുണ്ടായി എന്ന് പറയപ്പെടുന്ന കഴിഞ്ഞ തവണ കിട്ടിയതിനേക്കാളും ആറ് സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തു. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഈ ജില്ലകളില്‍ 27 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെല്ലാം മറ്റ് പാര്‍ട്ടി ടിക്കററില്‍ മത്സരിച്ചവരാണ്. ബിജെപി ടിക്കറ്റില്‍ നിര്‍ത്തിയ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുകയും ചെയ്തു. അതായത് പ്രതിപക്ഷം കരുതിയ പോലെ മുസ്ലിങ്ങള്‍ ഒന്നായി ഒരു പാര്‍ട്ടിക്കെതിരെ നിന്നില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണത്തേതില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വോട്ടിംഗ് ട്രെന്റ് പ്രകടിപ്പിച്ചു. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ നിന്ന് 18 സീറ്റുകളാണ് ബിജെപി നേടിയത്.

മത്സരിച്ച മുസ്ലിം സ്ഥാനാര്‍ത്ഥികളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചും കോണ്‍ഗ്രസിന് നാലും എസ് പി,ബിഎസ്പി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ കക്ഷികള്‍ക്ക് മൂന്നുവീതം സീറ്റുകളുമാണ് നേടാനായത്.