“വിശ്വരൂപം” സിനിമ നിരോധിച്ചതിന് പിന്നില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണെന്നും അവര്‍ വാഗ്ദാനം ചെയ്ത കള്ളപ്പണം നിരസിച്ചതിന്റെ പ്രതികാര നടപടിയായിരുന്നു നിരോധനമെന്നുമുള്ള വെളിപ്പെടുത്തലുമായി നടനും “മക്കള്‍ നീതി മയ്യം” പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്‍.
സോണിയ സിംഗിന്റെ “ഇന്ത്യയെ നിര്‍വചിക്കുന്നു, അവരുടെ കണ്ണുകളിലൂടെ” എന്ന പുസ്തകത്തിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമലഹാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവി വിശ്വരൂപത്തിന്റെ സംപ്രേഷണാവകാശം വാങ്ങാന്‍ താല്‍പര്യപ്പെട്ടു. അത് ഞാനുമായി നേരിട്ട് ഇടപാട് നടത്താനായിരുന്നു അവര്‍ക്ക് താല്‍പര്യം അല്ലാതെ ലേലത്തില്‍ വലിയ തുക വാഗ്ദാനം ചെയ്തിട്ടായിരുന്നില്ല. അവരൊരു തുക നല്‍കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതം മൂളി. എന്നാല്‍ പിന്നീട് അവര്‍ പ്രതിഫലമായി കള്ളപ്പണമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. ഏവര്‍ക്കുമറിയാം അത്തരം നീതിയില്ലാത്ത പണം എന്റെ കൈ കൊണ്ട് തൊടുക പോലുമില്ലെന്ന് ആ ഓഫര്‍ ഞാന്‍ നിരസിച്ചു.
പിന്നീട് രണ്ടാളുകള്‍, ഇവര്‍ രണ്ടു പേരും ജയലളിതയുടെ കൂട്ടാളികളാണ് അതില്‍ ഒരാള്‍ തമിഴ്‌നാട്ടിലെ ഒരു പോലീസ് ചീഫാണ് മറ്റേയാള്‍ ജയ ടിവിയുടെ തലപ്പത്തുള്ള വ്യക്തിയും. അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വിശ്വരൂപത്തിന് തിരിച്ചടി നേരിട്ടത്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത പോലീസ് ഉദ്യോഗസ്ഥന്‍ സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്ത് കയറിപ്പറ്റി എന്നതാണ്. കണ്‍മുന്നില്‍ ജനാധിപത്യം തകരുന്നത് ഞാന്‍ കണ്ട് നിന്നു.