കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തി ബിജെപി നേതാവും ബോളിവുഡ് താരവുമായ മിഥുന്‍ ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം. പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഹുമയൂണ്‍ കബീറിനെതിരെയാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ വിദ്വേഷ പ്രസംഗം.
പശ്ചിമബംഗാളിലെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ കൊലവിളി. ഇവിടെ 70 ശതമാനം മുസ്ലീങ്ങളും 30 ശതമാനം ഹിന്ദുക്കളാണെന്നും അവരെ വെട്ടി ഭാഗീരഥിയില്‍ എറിയുമെന്നും ഒരു നേതാവ് പ്രസംഗിച്ചിരുന്നുവെന്ന് ആരോപിച്ചാണ് മിഥുന്‍ വിദ്വേഷ പ്രസംഗം ആരംഭിച്ചത്.
മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനെതിരെ എന്തെങ്കിലും പറയുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ മമത ഒന്നും പറഞ്ഞില്ല. എന്നാല്‍ താന്‍ പറയുന്നു തങ്ങള്‍ അവരെ വെട്ടി കുഴിച്ചുമൂടും. തങ്ങള്‍ വെട്ടും എന്നാല്‍ ഭാഗീരഥിയില്‍ എറിയില്ല. ആ നദി തങ്ങളുടെ മാതാവാണ്. അതുകൊണ്ട് മണ്ണിലേക്കാവും തങ്ങള്‍ വെട്ടിയെറിയുകയെന്നും മിഥുന്‍ പറഞ്ഞു.
അമിത്ഷായെ വേദിയിലിരുത്തിയായിരുന്നു മിഥുന്റെ കൊലവിളി പ്രസംഗം. പുഞ്ചിരിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ വാക്കുകള്‍ക്ക് അമിത്ഷാ നല്‍കിയ മറുപടി. ബംഗാളിന്റെ സിംഹാസനത്തിലേക്ക് വിജയിച്ചുകയറാനായി തങ്ങള്‍ എന്തും ചെയ്യും. 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആ സിംഹാസനം ബിജെപിയുടെ പക്കലുണ്ടാകുമെന്നും മിഥുന്‍ പറഞ്ഞു.