തമിഴക വെട്രി കഴകം നേതാവ് വിജയെ ഇനി വിമര്‍ശിക്കേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പാര്‍ട്ടിയധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍. സര്‍ക്കാരിനെ വിമര്‍ശിച്ച് തമിഴ്‌നാട്ടില്‍ കളം നിറയാനുള്ള ശ്രമമാണ് നടന്‍ നടത്തുന്നത്. അതിന് തലവെച്ച് കൊടുക്കേണ്ടന്നാണ് സ്റ്റാലിന്‍ നല്‍കിയ നിര്‍ദേശം.
പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരേ പ്രകോപനപരമായ ആരോപണങ്ങള്‍ ഉന്നയിച്ചാലും തത്കാലം മൗനം പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതികരിക്കേണ്ട വിഷയങ്ങള്‍ വരുമ്പോള്‍ അറിയിക്കും. അതുവരെ വിജയ്യെ അവഗണിക്കണമെന്നും അദേഹം നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
വിജയ്യുടെ ഏത് ആരോപണങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും പ്രതികരിക്കുന്നത് ടിവികെ.ക്ക് ഗുണമാകും. ഡിഎംകെക്ക് ബദല്‍ ടിവികെയാണെന്ന് സ്ഥാപിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ജനങ്ങളുടെ മനസ്സില്‍ പ്രധാന പ്രതിപക്ഷം ടിവികെയാണെന്ന് തോന്നലുണ്ടാക്കുകയാണ് ഇതിന്റെ ആദ്യ പടി. ഇതിനു വേണ്ടിയാണ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഉന്നയിക്കുന്ന ഒരോ ആരോപണത്തിനും മറുപടി പറഞ്ഞാല്‍ വിജയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവരും. ഇത് ഒഴിവാക്കാന്‍ വിജയ്യെ അവഗണിക്കുകയാണ് നല്ല തന്ത്രമെന്ന് ഡിഎംകെ കരുതുന്നത്. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയെ മുന്‍നിര്‍ത്തിയാണ് അടുത്ത തരിഞ്ഞെടുപ്പ് നേരിടാന്‍ ശ്രമിക്കുന്നത്. വിജയ് ഉദയനിധിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കണക്ക്കൂട്ടിയാണ് ഇപ്പോള്‍ തന്നെ അവഗണിക്കാന്‍ ഡിഎംകെ തീരുമാനിച്ചിരിക്കുന്നത്.