എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് അഭിനന്ദനം അറിയിച്ച് എംകെ സ്റ്റാലിന്‍

ട്രിച്ചിയില്‍ ആശങ്കകള്‍ക്ക് വിരാമമിട്ട് എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിമാനത്തിന്റെയും പൈലറ്റിനെയും ക്രൂ അംഗങ്ങള്‍ക്കും സ്റ്റാലിന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിരിന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും തുടര്‍ സഹായങ്ങള്‍ നല്‍കാനും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ അറിയിച്ചു. ഷാര്‍ജയിലേക്ക് 141 യാത്രക്കാരുമായി പോയ വിമാനമാണ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിലെ 141 യാത്രക്കാരും സുരക്ഷിതരാണ്.

വൈകിട്ട് 5.40ന് ട്രിച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മനസിലാക്കിയതോടെയാണ് തിരികെ ഇറക്കാന്‍ പൈലറ്റ് ശ്രമം ആരംഭിച്ചത്. ലാന്റിംഗ് ഗിയറുകള്‍ക്ക് സംഭവിച്ച തകരാറാണ് വിമാനം തിരികെ ഇറക്കാന്‍ കാരണമായത്. ഇതിനായി വന്‍ സന്നാഹമാണ് റണ്‍വേയില്‍ ഒരുക്കിയിരുന്നത്.

20 ആംബുലന്‍സുകളും അഗ്നിശമന സേനയും റണ്‍വേയില്‍ സജ്ജമായിരുന്നു. സംഭവത്തിന് പിന്നാലെ എയര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. വിമാനത്തിലെ ഇന്ധനം പൂര്‍ണമായും തീര്‍ക്കാന്‍ വേണ്ടി ആയിരുന്നു വിമാനം വട്ടമിട്ട് പറന്നത്. ഷാര്‍ജയില്‍ രാത്രി 8.30ഓടെ എത്തിച്ചേരേണ്ടതായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം.