ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. സഹരന്‍പൂര്‍ ജില്ലയിലെ ദേവ്ബന്ദില്‍ ഡിസംബര്‍ 11ന് ആയിരുന്നു സംഭവം. തുടര്‍ന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ മൊഹമ്മദ് മെഹ്താബ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. ബന്ധുവീട്ടില്‍ പോയി മടങ്ങിയ പെണ്‍കുട്ടികളോട് അതുവഴി ബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു. ഈ സമയം അതുവഴി വന്ന രണ്ട് പേര്‍ പെണ്‍കുട്ടികള്‍ വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ ഇടപെടുകയായിരുന്നു.
തുടര്‍ന്ന് മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു യുവാവിനോട് സംസാരിച്ചെന്ന് ആരോപിച്ച് വിഷയം വഷളാക്കുകയായിരുന്നു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ യുവാവിന്റെ കൈയിലുണ്ടായിരുന്ന സമ്മാനപ്പൊതി പെണ്‍കുട്ടികള്‍ നല്‍കിയതാണെന്ന് ആരോപിച്ച് കുട്ടികളെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. പെണ്‍കുട്ടികളുടെ ഹിജാബ് അഴിച്ചുമാറ്റാന്‍ ശ്രമിച്ചതായും പെണ്‍കുട്ടികളുടെ പരാതിയിലുണ്ട്.
തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ സഹോദരനെ വിളിക്കാനായി ഫോണ്‍ എടുത്തതോടെ അക്രമികള്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ഇതിനിടയില്‍ യുവാവ് ഹിന്ദു അല്ലെന്ന് മനസിലാക്കിയതോടെ അക്രമം അവസാനിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
Read more
പിന്നാലെ കുട്ടികള്‍ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി സംഭവങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.