മധ്യപ്രദേശില്‍ വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ചു. സംഭവശേഷം കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ജൂണ്‍ 16ന് മന്ദസോറിലാണ് സംഭവം. കമല്‍ സിംഗ് എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുക്കുന്നത്.
കല്യാണ സല്‍ക്കാരത്തിനിടെ രണ്ടുപേരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചാണ് കമല്‍ സിംഗിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നത്. ഇതിന് ശേഷം മൂക്ക് കൊണ്ട് ഷൂ തുടപ്പിക്കുകയും നക്കിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം കമല്‍ സിംഗിനെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഓംഖര്‍ സിംഗും സഹോദരി ദുര്‍ഗയും പൊലീസില്‍ പരാതി നല്‍കാന്‍ പോയിരുന്നെന്നും എന്നാല്‍ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഓംഖര്‍ സിംഗ് പറഞ്ഞു.
അതേസമയം, യുവാവിന്റെ തിരോധാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പൊലീസ് സൂപ്രണ്ട് ദിലീപ് സിംഗ് ബില്‍വാല്‍ പറഞ്ഞു. ഓംഖര്‍ സിംഗിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കുമെന്നും ബില്‍വാല്‍ പറഞ്ഞു.