ജമാഅത്ത് ബന്ധം മറച്ചുവെച്ചതിന് ഡൽഹിയിൽ യുവാവിന് നേരെ ആൾക്കൂട്ട മർദ്ദനം

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ഭയം ആളുകളെ അക്രമത്തിലേക്ക് നയിക്കുന്നതിന്റെ നിരവധി റിപ്പോർട്ടുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്ക് ശേഷം, ഇപ്പോൾ ആൾക്കൂട്ട അക്രമത്തിന്റെ ഒരു സംഭവം കൂടി പുറത്തുവന്നിരിക്കുകയാണ്.

ഡൽഹിയിലെ ബവാനയിൽ മധ്യപ്രദേശിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മർദ്ദിച്ചതിന് ഒരു സംഘം ആളുകൾ അറസ്റ്റിലായി. കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ വാർത്തയിൽ നിറഞ്ഞ തബ്ലീഗി ജമാഅത്തുമായുള്ള ബന്ധം യുവാവ് മറച്ചുവെച്ചിരുന്നു.

കഴിഞ്ഞ മാസം ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസിൽ നടന്ന തബ്ലീഗി ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത നിരവധി പേർക്ക് രാജ്യത്തുടനീളം കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒന്നര മാസമായി മധ്യപ്രദേശിലെ റൈസേനയിലെ തബ്ലീഗി ജമാഅത്ത് മർക്കസയിലാണ് യുവാവ് താമസിച്ചിരുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഏതെങ്കിലും വ്യക്തിയുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല.

വടക്കൻ ഡൽഹിയിലെ ബവാനയിൽ താമസിക്കുന്ന 22 കാരനായ മുസ്ലിം യുവാവ് അടുത്തിടെ ഒരു പച്ചക്കറി ട്രക്കിന് പിന്നിൽ ഒളിച്ച് വീട്ടിലേക്ക് മടങ്ങിയെത്തി എന്നാണ് ആരോപണം. യുവാവിന് കൊറോണ വൈറസ് ഉണ്ടെന്നും പ്രദേശത്ത് വൈറസ് പരത്താൻ വന്നതായും നാട്ടുകാർ അനുമാനിച്ചതായി പൊലീസ് പറഞ്ഞു. സംഘടനയുമായി ബന്ധമുള്ള എല്ലാവരും സർക്കാരിനെ അറിയിക്കണം എന്ന് നിർദ്ദേശിച്ചിട്ടും തബ്ലീഗി ജമാഅത്തുമായുള്ള ബന്ധം മറച്ചുവെച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട് .

ഞായറാഴ്ച നാട്ടുകാർ യുവാവിനെ മർദ്ദിക്കുന്ന വീഡിയോ വൈറലായി, ഇത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടു. വീഡിയോയിൽ, യുവാവ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കാണാം. പൊലീസ് യുവാവിനെ എൽ‌എൻ‌ജെ‌പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ അദ്ദേഹത്തെ കോവിഡ് -19 ഐസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിശോധന ഫലവും വരാനുണ്ട്.

Read more

നവീൻ, പ്രശാന്ത്, പ്രമോദ് എന്നീ മൂന്ന് പ്രതികളെയും അതിക്രമം, മർദ്ദനം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിച്ചതിന് യുവാവിനെതിരെയും പൊലീസ് കേസെടുത്തു.