'എന്തായാലും മോഷ്ടിക്കണം, എന്നാ പിന്നെ നല്ല കനത്തിലായിക്കോട്ടെ'; പത്ത് ടൺ ഭാരവും, 50 മീറ്റർ നീളവുമുള്ള മൊബൈൽ ടവർ അടിച്ചുമാറ്റി മോഷ്ടാക്കൾ

മോഷണത്തിന് പരിധികളില്ലെന്ന് തെളിയിക്കുന്ന വാർത്തകളാണ് ഇപ്പോൾ ഉത്തർ പ്രദേശിൽ നിന്ന് പുറത്തുവരുന്നത്. കയറിക്കയറി മൊബൈൽ ടവർ വരയെത്തിയിരിക്കുകയാണ് ഇവിടെ കള്ളന്മാർ. ഇപ്പോഴിതാ 50 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള മൊബൈൽ ടവറാണ് കള്ളൻമാർ അടിച്ചുമാറ്റിയത്.യുപിയിലെ കൗശാംബി ജില്ലയിലാണ് സംഭവം.

ടവർ കാണാതായത് മാർച്ച് 31 മുതലാണ് ഇതികാണിച്ച് പരാതി നൽകിയിരിക്കുന്നത് നവംബർ 29 നാണ്.ടവറിനൊപ്പം ഇലക്ട്രിക്കൽ ഉപകരണങ്ങളടക്കം ടവറുമായി ബന്ധപ്പെട്ട സാധനങ്ങളും മോഷണം പോയെന്ന് പരാതിയിൽ പറയുന്നു. 8.5 ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ളതാണ് ഈ സാധനങ്ങൾ.

ടെക്‌നീഷ്യൻ രാജേഷ് കുമാർ യാദവ് ആണ് പരാതിനൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.സംഭവത്തിൽ പൊലീസ് നാട്ടുകാരുടെയും സ്ഥലം ഉടമയുടെയും മൊഴികൾ രേഖപ്പെടുത്തി.ഈ വർഷം ജനുവരിയിലാണ് കമ്പനി ഇവിടെ ടവർ സ്ഥാപിച്ചത്.