അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 1450 കോടി രൂപ ചെലവഴിച്ചാണ് എയര്‍പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 6500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ ഒന്നാംഘട്ടമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. പ്രതിവര്‍ഷം പത്ത് ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ടെര്‍മിനലിനുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി കേരളത്തിലെ നാലമ്പല ദര്‍ശനത്തെ കുറിച്ചും പരാമര്‍ശിച്ചു. കേരളത്തിലെ നാലമ്പല യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും നാലമ്പല യാത്ര രാമസങ്കല്പങ്ങളുടെ ഭാഗമാണെന്നും മോദി പറഞ്ഞു.
വിമാനത്താവള ഉദ്ഘാടനത്തിനൊപ്പം 15,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ ഏപ്രിലില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം നടന്നത്.