ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ മോദിയ്ക്ക് അവകാശമില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. അഞ്ചു വര്‍ഷത്തെ തന്റെ ഭരണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തന്നെ മോദി രാജ്യത്തിന്റെ സൈനികബലത്തെ കറിച്ചും ഗുണഗണങ്ങളെ കുറിച്ചും സംസാരിച്ചു തുടങ്ങുമെന്നും റത്‌ലാമിലെ റാലിയില്‍ അദ്ദേഹം പറഞ്ഞു.
സൈന്യത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നത് തന്റെ ഭരണപരാജയം മറയ്ക്കാനുള്ള തന്ത്രമാണ്. കമല്‍നാഥ് പറഞ്ഞു. മോദിജി , നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമൊക്കെ രാജ്യത്തിന് കരുത്തുറ്റ സൈന്യത്തെ വാര്‍ത്തെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് സ്വന്തം പൈജാമ പോലും ധരിക്കാന്‍ അറിയുമായിരുന്നില്ലെന്ന്. ഭീകരാക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത് ബിജെപി ഗവണ്‍മെന്റ് ഭരിക്കുമ്പോഴാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുമെന്നും കമല്‍നാഥ് പറഞ്ഞു.
പാര്‍ലിമെന്റ് ആക്രമണമുണ്ടായപ്പോള്‍ ആരാണ് ഭരിച്ചിരുന്നത്. കാര്‍ഗില്‍ ഉണ്ടായപ്പോഴോ? ഇതെല്ലാം ചരിത്ര സത്യങ്ങളാണ്. പിന്നെയും രാജ്യത്തിന്റെ സൈനിക ബലത്തെ കുറിച്ച് പറഞ്ഞ് വോട്ടു നേടാനുള്ള ശ്രമമാണ്. കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.