ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്ന വിലയിരുത്തല്‍ തെറ്റ്; ചിലര്‍ നിര്‍ണായക ശക്തിയാകും; വെളിപ്പെടുത്തലുമായി നൊബേല്‍ ജേതാവ്

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എളുപ്പം വിജയിക്കുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ തെറ്റാണെന്ന് നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമര്‍ത്യ സെന്‍. തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയാകും. മത്സരത്തെ നേരിടുന്ന ബിജെപിക്കും ബലഹീനതകളുണ്ട്. മറ്റ് പാര്‍ടികള്‍ അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മതിയെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.

അഖിലേന്ത്യാവീക്ഷണം ഉണ്ടെങ്കിലും കോണ്‍ഗ്രസ് ദുര്‍ബലമായി. ഒരാള്‍ക്ക് കോണ്‍ഗ്രസിനെ എത്രത്തോളം ആശ്രയിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. ഉള്ളില്‍ ഭിന്നതയുണ്ടെന്നും അദേഹം നിരീക്ഷിച്ചു. തമിഴ്‌നാട്ടില്‍ ഡിഎംകെയക്ക് നിര്‍ണായക സ്വാധീനമുണ്ടാക്കാനാകും. സമാജ് വാദി പാര്‍ടിക്കും വ്യക്തമായ നിലപാടുകളുണ്ട്. ബംഗാളിലെ തൃണമൂല്‍ നിലപാടും പ്രധാനമാണെന്ന് അദേഹം പറഞ്ഞു. എന്‍സിപി, ജനതാദള്‍ യുണൈറ്റഡ് ഉള്‍പ്പെടെ നിരവധി പാര്‍ടികള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പുതിയ സഖ്യത്തിന് ആഹ്വാനം ചെയ്യുന്നുണ്ട്.

ബിജെപിയെ തോല്‍പ്പിക്കാന്‍ രണ്ടു ചേരികള്‍ തമ്മിലുള്ള ശക്തമായ മത്സരം ഉണ്ടാക്കാനാണ് നീക്കം. ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് ബിജെപി വന്‍തോതില്‍ തരംതാഴ്ത്തി. ഇന്ത്യ ഹിന്ദു ഇന്ത്യയാണെന്നും ഹിന്ദി സംസാരിക്കുന്നവരുടെ ഇന്ത്യയെന്നുമുള്ള ആഖ്യാനത്തിലേക്ക് ബിജെപി ചുരുക്കിയെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.