പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന രീതി ഇന്ത്യയില്‍ നടപ്പാക്കുന്നതിനായി നിര്‍ണ്ണായക നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന സാധ്യത പഠിക്കുന്നതിനായി മുന്‍രാഷ്ട്രപതിയെ അധ്യക്ഷനാക്കി പ്രത്യേക സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു. മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമിതിയുടെ അധ്യക്ഷനാക്കി നിയമിച്ചു. പാര്‍ലമെന്റില്‍ സെപ്തംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക സെഷന്‍ വിളിച്ചു ചേര്‍ക്കുന്നതായി അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക നീക്കമെന്നതും ശ്രദ്ധേയമാണ്.
നിയമ വിദഗ്ധരും മുന്‍തിരഞ്ഞെടുപ്പ് കമ്മിഷണറും ഉള്‍പ്പെടെയുള്ളവരാകും രാംനാഥ് കോവിന്ദ് സമിതിയിലെ അംഗങ്ങള്‍. ഇതുസംബന്ധിച്ച് നിയമമന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്താണ് പാര്‍ലമെന്റിലെ സമ്മേളന അജന്‍ഡയെന്നു സര്‍ക്കാര്‍ വ്യക്തമാക്കാത്തത് വലിയ അസ്വസ്ഥതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിയൊരുക്കി കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കഴിഞ്ഞ കുറച്ചുനാളുകളായി പലയിടങ്ങളിലും ഉന്നയിച്ച കാര്യമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പു നടത്തുന്ന കാര്യം. ബിജെപിയുടെ 2014ലെ തിരഞ്ഞെടുപ്പ് പത്രികയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നിരുന്നാലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ വലിയ ചെലവ് ഈ ആശയം നടപ്പാക്കാന്‍ വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനടക്കം വ്യക്തമാക്കിയിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ ആവശ്യമുണ്ട്. അതിനുപുറമെ സാങ്കേതികവും വിഭവപരവുമായ സൗകര്യങ്ങളും തയ്യാറാക്കണം. തിരഞ്ഞെടുപ്പ് യന്ത്രങ്ങള്‍ ഒരുക്കേണ്ടതും സര്‍ക്കാരുകളുടെ കാലാവധി ഒരുമിച്ചാക്കുന്നത് സംബന്ധിച്ചുമെല്ലാം കാര്യങ്ങളും പരിശോധിക്കേണ്ടി വരും.
പുതിയ കമ്മിറ്റിയെ പറ്റിയും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിങ്ങുമ്പോള്‍ മാത്രമേ എതെല്ലാം മേഖലകളിലാണ് പഠനം നടക്കുന്നതെന്നടക്കം കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.
ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.