മോഡിക്കെതിരെ പട നയിച്ച് ആര്‍എസ്എസ് കര്‍ഷക സംഘടനകള്‍; 'കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങി'

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനകള്‍. മോഡി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് ഇവരുടെ ആരോപണം. ജനിതകമാറ്റം വരുത്തിയ പരുത്തി ഉള്‍പ്പടെയുള്ള വിളകളുടെ കാര്യത്തില്‍ മോദി സര്‍ക്കാറിന്റെ നിലപാടുകളില്‍ പ്രത്യക്ഷ പ്രതിഷേധവുമായി ആര്‍.എസ്.എസ് അനുകുല കര്‍ഷക സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആര്‍.എസ്.എസുമായി ബന്ധമുള്ള സ്വദേശി ജാഗരണ്‍ മഞ്ച്്്, ഭാരതീയ കിസാന്‍ സഭ എന്നിവരാണ് ജനിതകമാറ്റം വരുത്തിയ വിത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ തങ്ങള്‍ക്ക് ആവശ്യമില്ല. വിത്തുകള്‍ മുമ്പ് ഉല്‍പാദിപ്പിച്ച പോലെ തന്നെ ഉല്‍പാദിപ്പിക്കാമെന്നും കര്‍ഷക സംഘടന പ്രതിനിധികള്‍ പറഞ്ഞു. നേരത്തെ യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്തും ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ അനുവദിക്കുന്നത് വിവാദമായിരുന്നു.

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ് സംഘടനകളുടെ പ്രധാന ആരോപണം. ജനിതകമാറ്റം വരുത്തിയ 11 ഇനം വിത്തുകളുടെ വില്‍പന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കേന്ദ്രസര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. മോണ്‍സാന്‍േറാ പോലുള്ള കുത്തക കമ്പനികള്‍ ജനിതകമാറ്റം നടത്തിയ വിത്തുകളുടെ വില്‍പന നിര്‍ത്തിവെക്കണം. ഇത്തരം കമ്പനികള്‍ മുലം 80തോളം കര്‍ഷകര്‍ ഇതുവരെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ സഭ സെക്രട്ടറി മോഹനി മോഹന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.