ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ആർഎസ്എസ് സംഘടന. നീക്കം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് ശക്തി പകരുന്നതാണെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.
‘കഴിഞ്ഞ 99 വര്‍ഷക്കാലം രാജ്യത്തിന്റെ പുനര്‍നിര്‍മ്മിതിയിലും സാമൂഹിക സേവനത്തിലും ആര്‍എസ്എസ് തുടര്‍ച്ചയായ പങ്കുവഹിക്കുന്നുണ്ട്. ദേശീയ സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ ആര്‍എസ്എസിന്റെ പങ്കിനെ നേതാക്കള്‍ പ്രശംസിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിലക്ക് നീക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണ്’, ആര്‍എസ്എസ് വക്താവ് സുനില്‍ അംബേക്കര്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യത്തിന്റെ പുറത്താണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും ആർഎസ്എസ് നേതാവ് കൂട്ടിക്കിച്ചേർത്തു.
ജൂലൈ 9 നാണ് ആർഎസ്എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വിലക്ക് നീക്കി കേന്ദ്രം ഉത്തരവിറക്കിയത്. ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കികൊണ്ടുള്ള 1966ലെ ഉത്തരവാണ് നീക്കിയത്. നടപടിയില്‍ മോദി സര്‍ക്കാരിനെ പ്രശംസിച്ച് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും രംഗത്തെത്തിയിരുന്നു. 58 വര്‍ഷം മുമ്പ് നടപ്പിലാക്കിയ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മോദി സര്‍ക്കാര്‍ പിന്‍വലിച്ചെന്നും സ്വാഗതാര്‍ഹമായ കാര്യമാണെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു.
അതേസമയം നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും ജയറാം രമേശ് ചൂണ്ടികാട്ടി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.