മൂന്നര വർഷത്തിനുള്ളിൽ പരസ്യങ്ങൾക്കായി മോഡി സർക്കാർ ചിലവഴിച്ചത് 3,755 കോടി രൂപ

അധികാരത്തിലേറി മൂന്നര വർഷത്തിനുള്ളിൽ മോഡി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 3,755 കോടി രൂപ. 2014 ഏപ്രിൽ മുതൽ ഒക്ടോബർ 2017 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് വിവരങ്ങൾ ലഭ്യമായത്.ഗ്രേറ്റർ നോയ്ഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനായ രാംവീർ തൻവർ ആണ് അപേക്ഷ നൽകിയത്.

ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയിൽ പരസ്യം ചെയ്യുന്നതിന് 37,54,06,23,616 രൂപ ചെലവഴിച്ചതായി വാർത്താവിനിമയ മന്ത്രാലയം വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി. സർക്കാറിൻറെ പ്രധാന പദ്ധതികൾക്കുള്ള ബജറ്റിനേക്കാൾ കൂടുതലാണ് കേന്ദ്രം പരസ്യ പ്രചാരണത്തിന് ചെലവിടുന്ന തുക.

കഴിഞ്ഞ മൂന്നു വർഷങ്ങളിൽ മലിനീകരണ നിയന്ത്രണത്തിനായി സർക്കാർ വകയിരുത്തിയ തുക 56.8 കോടി രൂപ മാത്രമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ “മൻ കി ബാതിൻറെ” പരസ്യം പത്രത്തിൽ നൽകാനായി മാത്രം 2015ൽ 8.5 കോടി ചെലവഴിച്ചതായി മറ്റൊരു വിവരാവകാശ രേഖയിൽ വെളിപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക് പരസ്യങ്ങൾക്കായി 1,656 കോടി രൂപയാണ് ചെലവായത്. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റൽ സിനിമ, ദൂരദർശൻ, ഇൻറർനെറ്റ്, എസ്.എം.എസ്, ടി.വി എന്നിവയിലൂടെയായിരുന്നു പരസ്യം.

Read more

അച്ചടി മാധ്യമങ്ങൾക്കായി ചെലവഴിച്ചത് 1698 കോടിയാണ്. പോസ്റ്ററുകൾ, ലഘുലേഖകൾ, കലണ്ടറുകൾ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങൾക്കായി 399 കോടിയാണ് കേന്ദ്ര സർക്കാർ ഈ ചുരുങ്ങിയ കാലയളവിൽ ചെലവഴിച്ചത്.